ബീനിഷ് വിഷയത്തില്‍ ‘അമ്മ’ എടുത്തുചാടി തീരുമാനമെടുക്കേണ്ടതില്ല: സുരേഷ് ഗോപി
ബെംഗളൂരു ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താരസംഘടനയായ അമ്മ പെട്ടെന്ന് തീരുമാനം എടുക്കേണ്ടതില്ലെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി.
വിഷയത്തില്‍ കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിനുശേഷം സംഘടന തീരുമാനം എടുത്താല്‍ മതിയെന്നും അദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂജപ്പുര വാര്‍ഡ് സ്ഥാനാര്‍ത്ഥി വി.വി. രാജേഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിനീഷിന്റെ കാര്യത്തില്‍ അമ്മ സംഘടന യോഗ്യമായ തീരുമാനമെടുക്കും. എടുത്തുചാടിയൊരു തീരുമാനമെടുക്കേണ്ട ഒന്നല്ല ഇത്. അന്വേഷണത്തില്‍ ഒരു തീരുമാനമാകട്ടെ. എടുത്തു ചാടിയൊരു തീരുമാനമെടുത്തിട്ട് അത് തിരുത്തേണ്ടി വരികയും വിവാദമാദമാവുകയും ചെയ്തിട്ടുണ്ട്. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല, സുരേഷ് ഗോപി പറഞ്ഞു.
താരസംഘടന അമ്മയിലെ അംഗങ്ങള്‍ക്കെതിരെ വിവിധ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച നിര്‍വാഹക സമതിയോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. പ്രസിഡന്റ് മോഹന്‍ലാല്‍, വൈസ് പ്രസിഡന്റ് മുകേഷ് , ജനറല്‍ സെക്രട്ടറി ഇടവേള ബാബു തുടങ്ങിയവര്‍ നേരിട്ട് പങ്കെടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ തീരുമാനിച്ചിരുന്നു. ബിനീഷിനെ പുറത്താക്കണമെന്ന ആവശ്യം അംഗങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിരുന്നു. സമാനമായ വിഷയങ്ങളില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ശരിയല്ല എന്നും അംഗങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.