LIFENEWS

സ്വപ്ന സുരേഷിന്റേതെന്ന് പറയുന്ന ശബ്ദരേഖ കൊണ്ടാടുമ്പോൾ സംഭവിക്കുന്നത് ?

https://youtu.be/TAbtX0chAz4

കേരളത്തിലെ ഒന്നാമത്തെ പാർട്ടി എന്ന് സിപിഐഎമ്മിനെ വിശേഷിപ്പിച്ചാൽ തെറ്റില്ല .കേരളത്തിലെ ഏറ്റവും ശക്തമായ കേഡർ പാർട്ടി എന്ന് സിപിഐഎമ്മിനെ വിശേഷിപ്പിച്ചാലും തെറ്റില്ല .ആശയപ്രചാരണത്തിന് വലിയ സംവിധാനമുള്ള പാർട്ടിയും സിപിഐഎം തന്നെ .ആ സിപിഐഎം സ്വപ്ന സുരേഷിന്റേത് എന്ന് പറയപ്പെടുന്ന ഒരു ശബ്ദരേഖയെ ആസ്പദമാക്കി രാഷ്ട്രീയ പ്രതിരോധം ചമയ്ക്കുമ്പോൾ പലരുടെയും നെറ്റി ചുളിയുന്നത് അസാധാരണമായി എന്തോ സംഭവിക്കുന്നു എന്ന തോന്നൽ കൊണ്ടാണ് .

സ്വർണക്കടത്ത് കേസിലെ പ്രതിയാണ് സ്വപ്ന സുരേഷ് .സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് ഒരു പ്രതിയുടെ വെളിപ്പെടുത്തലിന്റെ ആധികാരികതയെ ഉള്ളൂ .മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ തന്നെ മാപ്പുസാക്ഷിയാക്കാം എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തി എന്നാണ് സ്വപ്നയുടെത് എന്ന് പറഞ്ഞ് പുറത്ത് വന്ന ശബ്ദരേഖയിൽ ഉള്ളത് .മൊഴി വായിച്ചു നോക്കാൻ സാവകാശം തരാതെ ഒപ്പിടാൻ നിർബന്ധിക്കുന്നു എന്നും ശബ്ദരേഖ പറയുന്നു .

കള്ളക്കടത്തിലോ അഴിമതിയിലോ പങ്കില്ലാത്ത മുഖ്യമന്ത്രിയെ കള്ളത്തെളിവുണ്ടാക്കി കുടുക്കാൻ കേരളത്തിൽ ഒരു ഏജൻസിയ്ക്ക് കഴിയുമോ ?അങ്ങിനെയുള്ള തെളിവുകൾ നിയമസംവിധാനത്തിന് മുന്നിൽ നിലനിൽക്കുമോ ?കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന ഒരു പ്രതി രക്ഷപെടാൻ ഉന്നതരെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത് സ്വാഭാവികം .ആ ഒരൊറ്റ വാദം മതിയാകും കേസിന്റെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കാൻ .

ഏത് അന്വേഷണ ഏജൻസി എപ്പോൾ ആവശ്യപ്പെട്ടു എന്നതിനെ കുറിച്ചൊന്നും വ്യക്തത ഇല്ലാത്ത ശബ്ദരേഖ .ശബ്ദം തന്റേത് തന്നെയോ എന്നോ സ്വപ്ന ഉറപ്പു വരുത്താത്ത ശബ്ദരേഖ .അന്വേഷണ ഏജൻസികളെ സംബന്ധിച്ചിടത്തോളം ഈ ശബ്ദരേഖ പുറത്ത് വന്നത് അവരുടെ വഴിയിൽ എന്തെങ്കിലും തടസം ഉണ്ടാക്കും എന്ന് കരുതുക വയ്യ .എന്നാൽ സംസ്ഥാന സർക്കാരിന്റെ ജയിലിൽ കഴിയുന്ന ഒരു പ്രതിയുടെ ശബ്ദരേഖ പുറത്ത് വന്നതെങ്ങനെ എന്ന ചോദ്യം സ്വാഭാവികം ആയി ഉയരും .ഇനി ഈ ശബ്ദം സ്വപ്നയുടേത് എന്ന് തന്നെ കരുതുക ,റെക്കോർഡ് ചെയ്തത് ജയിലിൽ വച്ചാണ് എന്ന് തെളിഞ്ഞാൽ ഈ പ്രത്യക്ഷ വാദമുഖങ്ങളെ പിന്നെങ്ങനെ പ്രതിരോധിക്കും .അതല്ലെങ്കിൽ തന്നെ എങ്ങനെ സാഹചര്യം ഒരുങ്ങി എന്ന ചോദ്യം ഉണ്ടാകും .

നിരവധി മുൻ ഉദാഹരണങ്ങൾ സിപിഐഎം ഓർക്കേണ്ടിയിരിക്കുന്നു .അഴിമതിക്കാരെ മുഴുവൻ ഇപ്പോൾ തുറങ്കലിൽ അടയ്ക്കും എന്ന് പറഞ്ഞ് വന്ന ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു ഇവിടെ .ഒടുവിൽ അദ്ദേഹത്തിന്റെ പക്കൽ നിന്ന് ചുവപ്പ് കാർഡ് പിടിച്ചെടുത്ത് അദ്ദേഹത്തിന് തന്നെ കാണിക്കേണ്ടി വന്ന ഗതികേടിൽ സർക്കാർ എത്തി .

മറ്റൊരാൾ ശിവശങ്കർ ആണ് .സംസ്ഥാന സർക്കാരിന്റെ എല്ലാ വിശ്വാസവും പിടിച്ചു പറ്റിയ ആളായിരുന്നു ശിവശങ്കർ .ഒടുവിൽ അദ്ദേഹമുണ്ടായിരുന്ന ഓഫീസിന്റെ ചുമതലയിൽ ഉണ്ടായിരുന്ന വിജിലൻസ് തന്നെ ശിവശങ്കറിനെതിരെ കേസ് എടുത്തു .

പറഞ്ഞു വരുന്നത് കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്നത് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് .സ്വപ്നയുടെതെന്ന് പറയുന്ന ശബ്‌ദരേഖയ്ക്ക് ആധികാരികത നൽകുമ്പോൾ ഇനി പറയാൻ പോകുന്നതിനും വില നൽകേണ്ടി വരും .ഇനി സ്വപ്ന ഒരു പ്രതികൂല പ്രസ്താവന സർക്കാരിനെതിരെ നടത്തി എന്ന് വെയ്ക്കുക അതിനെ എങ്ങനെ പ്രതിരോധിക്കും .ഇപ്പോൾ പറയുന്ന ന്യായങ്ങൾ അതിനും ബാധകമാകില്ലേ .സോളാർ കേസ്സിൽ രാഷ്ട്രീയ കേരളം അത് കണ്ടതാണ് .

Back to top button
error: