വാഗ്വാദങ്ങൾക്കും വാദകോലാഹങ്ങൾക്കുമൊടുവില്‍ രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്
വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രതീകമായിരുന്നു രണ്ടില. കേരള കോണ്‍ഗ്രസ് രൂപംകൊണ്ടശേഷം 1965-ല്‍ കെ.എം. മാണി ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ചതു മുതല്‍ 1987 വരെ കുതിരച്ചിഹ്നത്തിലാണ് ജനവിധി തേടിയത്. ഇതിനുശേഷം കെ.എം. മാണിയുടെ രാഷ്ട്രീയ പടയോട്ടത്തിന്റെ പ്രതീകമായി കരുതിയിരുന്ന കുതിര, ജോസഫ് വിഭാഗത്തിന്റേതായി. പിന്നീട് മാണിവിഭാഗത്തിന് രണ്ടിലയായി ചിഹ്നം. അന്ന് കുതിരച്ചിഹ്നം മാണി വിഭാഗത്തിന് കൈവിട്ടുപോയത് 84 മുതല്‍ പാര്‍ട്ടിയില്‍ അരങ്ങേറിയ ലയന, പിളര്‍പ്പ് നാടകങ്ങളുടെ കഥാന്ത്യത്തിലാണ്.
ചരിത്രം പറയുന്നത് ഇങ്ങനെയാണ്.1982ല്‍ ജോസഫ്, മാണി വിഭാഗങ്ങള്‍ കെ. കരുണാകരന്‍ രൂപംനല്‍കിയ ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി. അന്ന് രണ്ടുവിഭാഗങ്ങളും ഇരു പാര്‍ട്ടികളായി മുന്നണി ഭരണത്തില്‍ പങ്കാളിയായി. 1984-ല്‍ ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയസാഹചര്യങ്ങള്‍ പുതിയ തലത്തിലേക്കു മാറി. മാണിവിഭാഗത്തിന് കോട്ടയം ലോക്സഭാ മണ്ഡലവും ജോസഫ് വിഭാഗത്തിന് മൂവാറ്റുപുഴയും കോണ്‍ഗ്രസ് നേതൃത്വം അനുവദിച്ചു. മാണിവിഭാഗം ആ തീരുമാനത്തില്‍ സംതൃപ്തരായിരുന്നു. എന്നാല്‍, ജോസഫ് വിഭാഗം മുകുന്ദപുരം കൂടി ആവശ്യപ്പെട്ടു. തര്‍ക്കത്തിനൊടുവില്‍ ഇരുവിഭാഗവും ഒന്നായെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയാണ് മുകുന്ദപുരം കൂടി കേരള കോണ്‍ഗ്രസിനു നല്‍കിയത്. മാണിയും ഈ നീക്കത്തെ പിന്തുണച്ചു. ജോസഫ് ഗ്രൂപ്പില്‍പ്പെട്ടവര്‍ ആനച്ചിഹ്നത്തില്‍ മുകുന്ദപുരത്തും മൂവാറ്റുപുഴയിലും മത്സരിച്ച് വിജയിച്ചു. കോട്ടയം സീറ്റില്‍ മാണിവിഭാഗത്തിലെ സ്‌കറിയാ തോമസ് കുതിരച്ചിഹ്നത്തില്‍ മത്സരിച്ച് സി.പി.എമ്മിലെ സുരേഷ് കുറുപ്പിനോട് പരാജപ്പെട്ടു. പിന്നീട് ഇരു കേരള കോണ്‍ഗ്രസുകളും എറണാകുളത്ത് നടന്ന സമ്മേളനത്തില്‍ ലയിച്ചു. എന്നാല്‍, യോജിപ്പിന് ഏതാനും വര്‍ഷങ്ങള്‍മാത്രമാണ് ആയുസ്സുണ്ടായത്.
1987ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാര്‍ട്ടി പിളര്‍ന്നു. ടി.എം. ജേക്കബ് മാണിയുടെ കൂടെയും ബാലകൃഷ്ണപിള്ള ജോസഫിനൊപ്പവും നിലകൊണ്ടു. തിരഞ്ഞെടുപ്പ് സമയത്ത് കുതിരച്ചിഹ്നം തങ്ങള്‍ക്കാണെന്ന് ഇരുവിഭാഗവും അവകാശമുന്നയിച്ചു. രണ്ട് എം.പി.മാരുണ്ടായിരുന്ന ജോസഫ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുതിരച്ചിഹ്നം അനുവദിച്ചു. അതുവരെ മാണിയുടെ രാഷ്ട്രീയപ്രതീകമായിരുന്ന കുതിര നഷ്ടമായി. അന്ന് പകരമായി അനുവദിച്ചുകിട്ടിയ രണ്ടിലയായിരുന്നു പിന്നീട് മാണിവിഭാഗത്തിന്റെ അടയാളം. തുടർന്ന് ജോസഫ് വിഭാഗം, കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചപ്പോഴും ചിഹ്നമായി രണ്ടില തുടര്‍ന്നു. പിന്നീട് മാണിയുടെ മരണത്തോടെ കേരളാ കോൺഗ്രസ്, ജോസ്- ജോസഫ് വിഭാഗങ്ങളായി പിളർന്നതോടെ ചിഹ്നം തർക്കത്തിലായി. പാര്‍ട്ടിയുടെ അഭിമാന ചിഹ്നമായ രണ്ടില നഷ്ടമായതോടെ പാലായിലടക്കം ജോസ് വിഭാഗം പരാജയം രുചിക്കേണ്ടി വന്നു.
ഇപ്പോഴിതാ വീണ്ടും ജോസ് വിഭാഗത്തിന് ആ ചിഹ്നം ലഭിച്ചിരിക്കുന്നു. നിയമപോരാട്ടം അനുകൂലമായതോടെ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കാനാകും. നേര്‍ക്കുനേര്‍ പോരാട്ടത്തിനൊടുവിലാണ് ജോസ് വിഭാഗത്തിന് ഈ ഭാഗ്യം കൈവന്നത്. നേരത്തെ ചിഹ്നം മരവിപ്പിച്ചപ്പോള്‍ അതു ഹൈക്കോടതി വിധിക്ക് വിധേയമായിരിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
നിലവിലെ വിധിക്കെതിരെ പി.ജെ ജോസഫ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയോ സുപ്രീംകോടതിയെയോ സമീപിച്ച് നിലവിലെ വിധിക്ക് സ്റ്റേ വാങ്ങുകയോ ചെയ്തില്ലെങ്കില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പക്ഷത്തിന് ചിഹ്നം അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു തടസ്സമില്ല.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണി മാറ്റത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ചിഹ്നം തിരിച്ചു കിട്ടിയത് ജോസ് കെ മാണിക്ക് കൂടുതല്‍ കരുത്തു പകരും. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികള്‍ രണ്ടില ചിഹ്നം തന്നെയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ചിഹ്നം കോടതി കൂടി ഔദ്യോഗികമായി അംഗീകരിച്ചതോടെ അതു നല്‍കാനുള്ള അപേക്ഷ ഇന്നു തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ജോസ് കെ മാണി വിഭാഗം നല്‍കും.
തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ചവര്‍ തങ്ങളുടെ ഔദ്യോഗിക ചിഹ്നത്തിനായുള്ള അപേക്ഷ നല്‍കേണ്ടത് 23ന് മുമ്പായിട്ടാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് സമയക്രമവും ജോസ് വിഭാഗത്തിന് അനുകൂലമാണ്. അതേസമയം കോടതി വിധി ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ റിവിഷന്‍ ഹര്‍ജിയുമായി ഉയർന്ന നീതി പീഠത്തെ തന്നെ സമീപിക്കുകയാണ് ജോസഫ് വിഭാഗത്തിന്റെ മുന്നിലുള്ള ഏക പോംവഴി. നിലവിലെ ഹൈക്കോടതി വിധി പ്രകാരം ഔദ്യോഗിക പാര്‍ട്ടി ജോസ് കെ മാണി വിഭാഗത്തിന് തന്നെയാണ്. ഇതോടെ റോഷി അഗസ്റ്റിന്റെ വിപ്പ് തന്നെയാകും ബാധകമെന്നാകും സ്പീക്കര്‍ വിധിക്കാനിടയുള്ളത്. ഈ വിഷയത്തില്‍ സ്പീക്കറുടെ ഓഫീസ് നേരത്തെ തന്നെ നിയമോപദേശം തേടിയിരുന്നു. ഇതോടെ ജോസഫും മോന്‍സും അയോഗ്യരാകാനുള്ള സാധ്യതയും ഏറുകയാണ്. ഇതിനെയും യു.ഡി.എഫ് രാഷ്ട്രീയമായി പ്രതിരോധിക്കേണ്ടി വരും.