NEWS

സ്‌കൂളുകളിലേക്കുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ സ്വര്‍ണക്കള്ളക്കടത്ത് പ്രതികളുടെ ബന്ധം : അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം :സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ ഉറപ്പിച്ചത് സ്വര്‍ണ്ണകള്ളക്കടത്തു കേസ് പ്രതികളാണെന്ന വിവരം പുറത്ത്‌ വന്ന സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി.

ഐ റ്റി @ സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി കൈറ്റ് എന്ന സര്‍ക്കാര്‍ സ്ഥാപനം  ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍തോതില്‍ അഴിമതി നടത്തിയതായി ആരോപണം ഉണ്ട്. ഈ സാഹചര്യത്തില്‍ കൈറ്റ് സി. ഇ.ഒ അന്‍വര്‍ സാദത്ത് അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യമാണ്. ഓഗസ്‌റ് മൂന്നിന് സ്വര്‍ണ്ണകള്ളക്കടത്തു കേസിലെ പ്രതിയായ അബ്ദുള്‍ ഹമീദ് വരിക്കോടന്‍ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ ആണ് പ്രതികളുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നത്.

Signature-ad

ഐ റ്റി പ്രൊജക്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പ്രതി  റമീസിനോടൊപ്പം ഹമീദ്  തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മറ്റൊരു പ്രതിയായ സന്ദീപുമായി  കൂടികാഴ്ച്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കള്ളക്കടത്തിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താനായി മാഫിയ സംഘങ്ങള്‍ക്ക് കഴിഞ്ഞത് ഗുരുതരമാണെന്ന്  പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

 ഐ റ്റി പ്രൊജക്റ്റിന്റെ ഭാഗമായി വിതരണം ചെയ്ത ഉപകരണങ്ങളുടെ ഗുണനിലവാരത്തെപ്പറ്റി വ്യാപകമായ പരാതിയും ആക്ഷേപങ്ങളും ഉയര്‍ന്നിട്ടുണ്ട്. കാലാവധി കഴിഞ്ഞതും ഇ വേസ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതുമായ ഉപകരണങ്ങള്‍ ആണ് വാങ്ങിക്കൂട്ടിയിരിക്കുന്നത്. ടെണ്ടര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാണ് വര്‍ക്കുകള്‍ ടെണ്ടര്‍ ചെയ്തത്. ഇക്കാര്യം കണ്ടെത്തിയ  ആര്‍.എം.എസ് എ യിലെ ഫിനാന്‍സ് ഓഫീസര്‍ ഇതിനെതിരെ ശക്തമായ തടസവാദം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അന്നത്തെ ഐ റ്റി സെക്രട്ടറി ശിവശങ്കരന്‍ അധ്യക്ഷനായ കമ്മറ്റി ഇതിനെയെല്ലാം  മറികടക്കുകയായിരുന്നു. ഈ പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനികള്‍ പലരുടെയും ബിനാമി ആണെന്ന ആക്ഷേപം ഉണ്ട്.  കഴിഞ്ഞ നാല് വര്‍ഷക്കാലം കൈറ്റ്  നടത്തിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെയും കമ്പ്യുട്ടര്‍ ഉപകരണങ്ങളുടെയും ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത് ഉള്‍പ്പെടെയുള്ളവരുടെ ഒത്താശയില്ലാതെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താനാവില്ല. പദ്ധതിയില്‍ ഏറിയ പങ്കും കമ്മീഷനും അഴിമതിപണവുമായി പലരിലേക്കും ഒഴുകിയെത്തിയെന്നും വിശദമായ അന്വേഷണം നടത്തി  കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും  കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Back to top button
error: