LIFETRENDING

അകാലത്തിലെ അസ്തമിച്ച സൂര്യൻ

നാല്പത്തൊന്നാം വയസ്സിൽ മലയാളസിനിമയ്ക്ക് നഷ്ടമായ കൃഷ്ണൻനായർ എന്ന ജയൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് നാല് പതിറ്റാണ്ടാകുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ജയൻ സാഹസികതയുടെ പര്യായമായി ആ പോക്ക് തുടർന്നാൽ എത്ര കാലം ഫീൽഡിൽ പിടിച്ചു നില്ക്കാം എന്ന്…?

‘ശാപമോക്ഷം’ അടക്കമുള്ള ചിത്രങ്ങളിൽ എഴുപതുകളുടെ ആദ്യ പകുതിയിൽ തന്നെ അദ്ദേഹം നമ്മുടെ സിനിമയിൽ സാന്നിദ്ധ്യമറിയിച്ചിരുന്നെങ്കിലും 1978ന് ശേഷമാണ് തിളങ്ങാനും തിരക്കേറാനും തുടങ്ങിയത് എന്ന് നിസംശയം പറയാം. ഇതിനിടയിൽ കെ.ടി മുഹമ്മദ്‌ ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ‘ശരപഞ്ജര’ത്തിലൊക്കെ കാണികളെ ആവേശം കൊള്ളിക്കാൻ സാധിച്ചിട്ടുണ്ട് ഈ അനശ്വരനടന്.

Signature-ad

ജോഷി, പി. ചന്ദ്രകുമാർ, ഐ.വി ശശി, എം.കൃഷ്ണൻ നായർ തുടങ്ങിയ ഹിറ്റ്‌മേക്കർ മാരൊക്കെ ജയന്റെ സാഹസികതയെ കേന്ദ്രീകരിച്ചാണ് കൂടുതലും ചിത്രങ്ങളെടുത്തിരുന്നത്. പലപ്പോഴും അവ കാമ്പുള്ള കഥാപാത്രങ്ങളായിരുന്നില്ല. എന്നാൽ പണം വാരിപടങ്ങൾ തന്നെയായിരുന്നു. മൂർഖൻ, കാന്തവലയം, അങ്ങാടി എന്നിങ്ങനെ അത്തരം ശൈലിയിലുള്ള ധാരാളം ചിത്രങ്ങൾകണ്ടെത്താം.

ഒരു താത്ക്കാലിക തരംഗം മാത്രമായിരുന്നു അത്‌. എഴുപതുകൾക്കൊടുവിൽ ജയനെ വെച്ച് സിനിമയെടുക്കാൻ തയ്യാറായ പല നിർമ്മാതാക്കളുടെ പ്രധാന കണ്ടീഷനുകളും കുറേ സാഹസിക രംഗങ്ങൾ നിറച്ച് കാണികൾ വീണ്ടും വീണ്ടും തങ്ങളുടെ സിനിമ കാണാൻ വരണമെന്നായിരുന്നു. ജയൻ അവസാനം അഭിനയിച്ച പി. എൻ. സുന്ദരത്തിന്റെ ‘കോളിളക്കം’ എന്ന സിനിമയിൽ പോലും ആലോചനയിൽ സാഹസിക രംഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.

‘വക്ത്’ എന്ന ഹിന്ദി സിനിമയുടെ റീമേക്കിൽ പിന്നീട് അത്തരം രംഗങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആനയുടെ തുമ്പികയ്യിലും ഓടുന്ന ഹെലികോപ്ടറിൽ തൂങ്ങിപിടിച്ചുമുള്ള ജയന്റെ സാഹസിക അഭിനയം 1980 കളിൽ അങ്ങനെ തുടർന്ന് പോയാൽ വളരെ പെട്ടെന്ന് തന്നെ മുൻ നിര നായകനിരയിൽ നിന്ന് ഈ നടൻ അപ്രത്യക്ഷമാകുമായിരുന്നു. എന്നിരുന്നാലും ഏഴ് വർഷം മാത്രം രംഗത്തുണ്ടായിരുന്ന ജയൻ മലയാളസിനിമയിലെ ജനപ്രിയനടന്മാരുടെ പട്ടികയിൽ മുൻനിരയിൽ തന്നെയാണ് സ്ഥാനം.

ജയന്റെ സമകാലികരിൽ രവികുമാർ, ജോസ്, സുധീർ, വിൻസെന്റ് തുടങ്ങിയവരൊക്കെ 80കളിലെ മലയാളസിനിമയിലെ നായക നിരയിൽ നിന്ന് തള്ളപ്പെടുകയും അവസരങ്ങൾ തന്നെ അത്യപൂർവ്വമായി കിട്ടിയ അഭിനേതാക്കളായിരുന്നു.

എൺപതുകൾ നമ്മുടെ സിനിമ അടിമുടി മാറി തുടങ്ങിയ കാലഘട്ടമായിരുന്നു ഔട്ട്‌ ഡോർ ചിത്രീകരണങ്ങൾ, ജനപ്രിയസാഹിത്യങ്ങളുടെ ചലച്ചിത്രാവിഷ്കാരങ്ങൾ, കലാമൂല്യവും ജനപ്രിയവും കൂട്ടി കലർത്തി സിനിമകളെടുക്കാൻ ശേഷിയുള്ള സംവിധായകരുടെ വരവുകൾ എന്നിവയെല്ലാം വന്നപ്പോൾ പഴയ ആവിഷ്കാരങ്ങളും രീതിയുമൊക്കെ പ്രേക്ഷകരും മറന്നു തുടങ്ങിയിരുന്നു. ജയൻ അകാലത്തിൽ വിട പറഞ്ഞത് കൊണ്ട് അദ്ദേഹത്തിന്റെ വൻ വീഴ്ച പ്രേക്ഷകർക്ക് കാണേണ്ടിവന്നില്ല.

മുഹമ്മദ്‌ ഷെരീഫ് കാപ്പ്

Back to top button
error: