ആറ്റില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ ആയൂര്‍ അയ്ക്കല്‍ സ്വദേശിനി അമൃത, സുഹൃത്ത് ആയൂര്‍ സ്വദേശിനി ആര്യ ജി. അശോക് എന്നിവരുടെ മൃതദേഹങ്ങളാണ് ആലപ്പുഴ പൂച്ചാക്കല്‍ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്പളത്തു നിന്നും ഇന്ന് രാവിലെ കണ്ടെത്തിയത്.
ശനിയാഴ്ച ആണ് സംഭവം.ശനിയാഴ്ച രാത്രി 7 30ന് രണ്ട് പെണ്‍കുട്ടികള്‍ നടന്നു വന്നു പാലത്തില്‍ നിന്ന് ചാടി എന്നാണ് നാട്ടുകാര്‍ നല്‍കിയ വിവരം. തുടര്‍ന്നാണ് പോലീസും അഗ്‌നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തിയത്. ഇന്നലെ മുഴുവന്‍ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാടീം പ്രദേശത്ത് മുങ്ങിത്തപ്പിയിട്ടും കണ്ടെത്താനായില്ല. ചടയമംഗലത്ത് നിന്നു കാണാതായ പെണ്‍കുട്ടികളാണ് ഇതെന്നു പൊലീസ് പറയുന്നു.
ആറ്റില്‍ എന്തോ വീഴുന്ന ശബ്ദവും പെണ്‍കുട്ടികളുടെ നിലവിളിയും കേട്ടെന്ന് പാലത്തിനു സമീപം താമസിക്കുന്ന സീതലക്ഷ്മി എന്ന സ്ത്രീ പോലീസിന് മൊഴി നല്‍കി.വാഹനത്തില്‍ നിന്ന് മാലിന്യം പാലത്തില്‍ നിന്നു താഴോട്ടു എറിയുന്നത് പതിവാണ്. അത് ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഒന്നിലധികം പെണ്‍കുട്ടികളുടെ നിലവിളി കേട്ടത്തോടെ ആണ് പാലത്തില്‍ നിന്ന് താഴോട്ട് വീണത് പെണ്‍കുട്ടികള്‍ ആണെന്ന് സംശയിച്ചത് എന്നും സീതലക്ഷ്മി പറയുന്നു.
പാലത്തില്‍ നിന്ന് ഒരു ജോഡി ചെരിപ്പും തൂവാലയും വൈക്കം പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.13 ആം തിയ്യതി കൊല്ലം ചടയമംഗലം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്ന് 21 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി ലഭിച്ചിരുന്നു.കാണാതായ യുവതികളില്‍ ഒരാളുടേതാണ് ചെരുപ്പുകള്‍ എന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.അഞ്ചല്‍ കോളേജിലെ ബി എ വിദ്യാര്‍ഥികള്‍ ആയ രണ്ട് പേര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എന്ന പേരില്‍ ആണ് വീട്ടില്‍ നിന്നിറങ്ങിയത്.