NEWS

സ്വര്‍ണക്കടത്ത് കേസില്‍ ഇഡിയുടെ നിര്‍ണായക തെളിവ്; എന്‍ഐഎ , കസ്റ്റംസ് കുരുക്കില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ മറ്റൊരു തെളിവും പുറത്തുവന്നതോടെ എന്‍എഎയും കസ്റ്റംസും കുരുക്കില്‍.

സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്നു കണ്ടെടുത്ത ഒരു കോടി രൂപ എം.ശിവശങ്കറിന് ലഭിച്ച കോഴയാണെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലാണ് ഇരുവര്‍ക്കും വിനയായത്.

സ്വര്‍ണക്കടത്തിലെ പണമാണ് സ്വപ്നയുടെ ലോക്കറില്‍നിന്നു ലഭിച്ചത് എന്നായിരുന്നു എന്‍ഐഎയുടേയും കസ്റ്റംസിന്റെയും കണ്ടെത്തല്‍. ലോക്കറിലെ പണം സ്വര്‍ണക്കടത്തിലേതല്ലെന്നു വ്യക്തമായാല്‍ നിലവിലെ അന്വേഷണത്തെ കാര്യമായി ബാധിക്കും. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ തിങ്കളാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും.

തിരുവനന്തപുരം എസ്ബിഐയിലെ സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്ന് 64 ലക്ഷവും ഫെഡറല്‍ ബാങ്ക് സ്റ്റാച്യൂ ശാഖയിലെ ലോക്കറില്‍നിന്ന് 46.50 ലക്ഷവുമാണ് എന്‍ഐഎ കണ്ടെടുത്തത്. ഇത് സ്വര്‍ണക്കടത്തില്‍ പ്രതിയുണ്ടാക്കിയ പണമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം തുടങ്ങിയത്. മാത്രമല്ല തുടര്‍ന്ന് കസ്റ്റംസും എന്‍ഐഎയുടെ അന്വേഷണത്തോട് യോജിക്കുന്ന കണ്ടെത്തലുകളാണ് നടത്തിയത്.

എന്നാല്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്‌ക്കെതിരെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇഡി സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ലൈഫ് മിഷന്‍ കരാറിലൂടെ ശിവശങ്കറിന് ലഭിച്ച പണമാണ് സ്വപ്ന ലോക്കറില്‍ സൂക്ഷിച്ചതെന്നും ശിവശങ്കറിനെ രക്ഷപ്പെടുത്താന്‍ സ്വപ്ന കള്ളം പറഞ്ഞതാണെന്നുമായിരുന്നു. മാത്രവുമല്ല സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ശിവശങ്കറാണെന്നും ഇഡി പറയുന്നു. ലോക്കറിലെ പണം സ്വര്‍ണക്കടത്തിലേതല്ലെങ്കില്‍ എന്‍ഐഎയ്ക്കും കസ്റ്റംസിനും തുടരന്വേഷണം കൂടുതല്‍ ദുഷ്‌കരമാകും.

Back to top button
error: