കൊല്‍ക്കത്ത: ബംഗാള്‍ സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസായിരുന്നു. കൊറോണ സ്ഥിരീകരിച്ചത് മൂലം ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ താരത്തിന്റെ ആരോഗ്യ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
‘ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. സുഖപ്പെടുത്താന്‍ 40 ദിവസത്തെ പോരാട്ടം മതിയാവില്ല. അത്ഭുതം സംഭവിക്കണം’ ഡോക്ടറെ ഉദ്ധരിച്ച് ഇന്നലെ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒക്ടോബര്‍ ആറിനാണ് താരത്തെ കൊറോണ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നീട് കൊറോണ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്നലെ അദ്ദേഹത്തിന്റെ നില വീണ്ടും വഷളാവുകയായിരുന്നു.
ബംഗാളി സിനിമയുടെ മുഖഛായ മാറ്റിയ സൗമിത്ര ചാറ്റര്‍ജി സത്യജിത്ത് റേക്കൊപ്പം പതിനാലോളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുര്‌സകാരവും 2012ല്‍ ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ് നല്‍കിയും രാജ്യം ആദരിച്ചു.
കല്‍ക്കത്ത ഷിയല്‍ദാ റെയില്‍വെ സ്റ്റേഷന് സമീപമുള്ള മിര്‍സാപൂരിലാണ് സൗമിത്ര ജനിച്ചത്. അഭിഭാഷകനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിരുന്നു സൗമിത്രയുടെ പിതാവ്. സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്ന സൗമിത്ര പിന്നീട് അഭിനയത്തെ ഗൗരവമായെടുക്കുകയും തന്റെ വഴി അതാണെന്ന് തീരുമാനിക്കുകയുമായിരുന്നു. ഭാര്യ: ദീപ ചാറ്റര്‍ജി, മക്കള്‍: പൗലാമി ബോസ്, സൗഗത ചാറ്റര്‍ജി.