NEWS

മുരളീധരന്റെ അനുനയ നീക്കം പാളി, ഇനി കേന്ദ്രത്തിന്റെ ഇടപെടൽ

സംസ്ഥാന ബിജെപിയിലെ പ്രശ്നം തീർക്കാൻ കേന്ദ്രമന്ത്രി വി മുരളീധരൻ നടത്തിയ നീക്കം വെളുക്കാൻ തേച്ചത് പാണ്ടായ പോലെ ആയി. ഇടഞ്ഞു നിൽക്കുന്ന പി എം വേലായുധനുമായി മുരളീധരൻ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്നം ഗുരുതരമാകുകയാണ് ഉണ്ടായത്. യോഗത്തിന് ശേഷം ക്ഷുഭിതനായി ഇറങ്ങി വന്ന പി എം വേലായുധൻ പാർട്ടിയിൽ ജന്മി കുടിയൻ ബന്ധമല്ല വേണ്ടതെന്നു പൊട്ടിത്തെറിച്ചു. പുതിയ തലമുറയ്ക്ക് വേണ്ടി പി എം വേലായുധൻ, കെ പി ശ്രീശൻ തുടങ്ങിയവർ വഴി മാറണമെന്ന നിർദേശം ആണ് മുരളീധരൻ മുമ്പോട്ട് വച്ചത്. ഇത് പി എം വേലായുധനെ ചൊടിപ്പിച്ചു.

പാർട്ടിയിലെ 24 പ്രമുഖ നേതാക്കൾ സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതി ഗൗരവമായി പരിഗണിക്കുന്നു എന്നതിന്റെ സൂചന ആണ് മുരളീധരൻ മുൻകൈ എടുത്തു നടത്തിയ ശ്രമങ്ങൾ. സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാർഗം തേടി കേന്ദ്ര നേതൃത്വം മലയാളികൾ ആയ ടോം വടക്കൻ, അരവിന്ദ് മേനോൻ, ബാലശങ്കർ, രാജീവ്‌ ചന്ദ്രശേഖർ, എ പി അബ്ദുള്ളക്കുട്ടി എന്നിവരോട് അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നു. വിഷയം ഉടൻ പരിഹരിക്കപ്പെടേണ്ടതാണ് എന്നാണ് ഇവർ നൽകിയിട്ടുള്ള മറുപടി.

ഈ പശ്ചാത്തലത്തിൽ ആണ് കെ സുരേന്ദ്രനെ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാതെ കിടക്കുന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രം ആലോചിക്കാൻ കോർ കമ്മിറ്റി പോലും ചേരാൻ ഇതുവരെ ആയിട്ടില്ല. ഈ പശ്ചാത്തലത്തിൽ ആണ് കേന്ദ്ര നേതൃത്വം ഇടപെടുന്നത്.

Back to top button
error: