NEWS

ബീഹാർ ഉറപ്പിച്ച് എൻ ഡി എ ,നിതീഷ് തന്നെ മുഖ്യമന്ത്രി

പത്തൊമ്പത് മണിക്കൂർ നീണ്ട് നിന്ന വോട്ടെണ്ണലിന് ഒടുവിൽ ബിഹാറിൽ എൻ ഡി എ സഖ്യം അധികാരത്തിൽ ഏറിയതായി പ്രഖ്യാപനം .നേരിയ ഭൂരിപക്ഷത്തോടെയാണ് എൻ ഡി എ അധികാരം നിലനിർത്തിയത് .കേവല ഭൂരിപക്ഷത്തിനു 122 സീറ്റ് വേണമെന്നിരിക്കെ എൻ ഡി എ 125 സീറ്റ് പിടിച്ചു .

ആർ ജെ ഡി നേതൃത്വം നൽകുന്ന മഹാസഖ്യം ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും ഫലം വന്നപ്പോൾ 110 ൽ ഒതുങ്ങി. തേജസ്വി യാദവിന്റെ ആർജെഡി ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി .75 സീറ്റുകൾ ആണ് ആർ ജെ ഡി നേടിയത് .

74 സീറ്റോടെ തൊട്ടുപുറകിലെത്തിയ ബിജെപിയുടെ തോളിലേറിയാണ് എൻ ഡി എ അധികാരം നിലനിർത്തിയത് .നിതീഷ് കുമാറിന്റെ ജെ ഡി യു നിറം മങ്ങിയ പ്രകടനം ആണ് കാഴ്ച വച്ചത് .എൻ ഡി എയിലെ ഒന്നാം കക്ഷിയ്ക്ക് 43 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത് .

നിതീഷിനെ തോൽപ്പിക്കുമെന്നു ശപഥമെടുത്ത് 137 സീറ്റിൽ മത്സരിച്ച ചിരാഗ് പാസ്വാന്റെ എൽജെപി ഒരു സീറ്റിൽ ഒതുങ്ങി .മഹാസഖ്യത്തിൽ നിന്ന് 70 സീറ്റ് ചോദിച്ചു വാങ്ങി മത്സരിച്ച കോൺഗ്രസ് 19 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത് .29 സീറ്റുകളിൽ മത്സരിച്ച ഇടതുപക്ഷം 16 ഇടത്ത് വിജയിച്ച് ശോഭയുള്ള ജയം കാഴ്ച വച്ചു .

സീമാഞ്ചൽ മേഖലയിൽ മത്സരിച്ച ഒവൈസിയുടെ പാർട്ടി മഹാസഖ്യത്തിന്റെ വോട്ടു ഭിന്നിപ്പിച്ച് സാധ്യത ഇല്ലാതാക്കി .ഒവൈസിയുടെ പാർട്ടി നേടിയത് അഞ്ച് സീറ്റാണ് .

Back to top button
error: