NEWS

സെക്രട്ടേറിയറ്റ് തീപിടിത്തം അട്ടിമറി: മുല്ലപ്പള്ളി

സെക്രട്ടേറിയറ്റ് തീപിടിത്തം വന്‍ അട്ടിമറിയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന രേഖകള്‍ നശിപ്പിക്കാന്‍ ആസൂത്രിതമായി തീയിടുകയായിരുന്നു. സര്‍ക്കാരിന്റെ അറിവോടെ നടത്തപ്പെട്ട അട്ടിമറിയാണ് സെക്രട്ടറിയേറ്റില്‍ ഉണ്ടായത്. പൊലീസിന്റെയും സെക്യൂരിറ്റി സ്റ്റാഫിന്റെയും നിയന്ത്രണം സ്വയം ഏറ്റെടുത്ത ചീഫ് സെക്രട്ടറിയുടെ നടപടി ദുരൂഹമാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തീപിടിത്ത കാരണമായി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തിയിട്ടില്ല.കൂടാതെ സംഭവസ്ഥലത്ത് നിന്നും രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. മദ്യക്കുപ്പികള്‍ വരെ ഇപ്പോള്‍ സുലഭമായി കിട്ടുന്ന ഒരു സ്ഥലമായി സെക്രട്ടറിയേറ്റ് മാറിയിയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയിലാണ്. അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഫയലുകളാണ് കത്തിയത്. അഗ്‌നിബാധ ഉണ്ടായ സമയത്ത് തന്നെ സെര്‍ച്ച് വാറണ്ട് പുറപ്പെടുവിപ്പിച്ചുകൊണ്ട് എല്ലാ രേഖകളും പിടിച്ചെടുക്കണമെന്ന് താന്‍ പറഞ്ഞപ്പോള്‍ അത് അംഗീകരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറായില്ല.ചോദിക്കേണ്ടത് പോലെ ചോദിച്ചാല്‍ തത്തപ്പറയുന്നതുപോലെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സത്യം പറയും. നിര്‍ഭയമായി മുന്നോട്ടു പോകാന്‍ അന്വേഷണ ഏജന്‍സികള്‍ തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ജലീലിന്റെത് ഗുരുതര വീഴ്ച:

അതീവ ഗുരുതരമായ വീഴ്ചകാളാണ് മന്ത്രി കെ ടി ജലീലിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ക്രമക്കേടുകളുടെ ഘോഷയാത്രയാണ് അദ്ദേഹം ഭരിച്ച വകുപ്പുകളിലെല്ലാം. ബന്ധുവിനെ ഉള്‍പ്പെടെ നിരവധിപ്പേരെ പുറംവാതില്‍ വഴി നിയമിക്കാന്‍ ശ്രമിച്ചെന്ന പുതിയ ആരോപണവും മന്ത്രിക്കെതിരെ ഉയരുന്നുണ്ട്. ജലീല്‍ ചെയ്ത കുറ്റങ്ങളെ ലളിതമായി കാണാന്‍ കഴിയില്ല. ഒരു മന്ത്രി പാലിക്കേണ്ട മൗലികമായ എല്ലാ തത്വങ്ങളും അദ്ദേഹം ലംഘിച്ചു. വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ചട്ടങ്ങള്‍ പാലിക്കാന്‍ അദ്ദേഹം തയാറായില്ല, പ്രോട്ടോക്കോള്‍ ലംഘനം, വിദേശ എംബസിയുമായുള്ള ബന്ധം തുടങ്ങി നിരവധി കുറ്റങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഭരണഘടനയോട് കൂടുപുലര്‍ത്തുമെന്ന് സത്യം ചെയ്ത മന്ത്രിയാണ് ജലീല്‍. അങ്ങനെയുള്ള ഒരാള്‍ക്ക് കയറിയിറങ്ങാന്‍ പറ്റിയ സ്ഥലമാണോ എംബസി, അത് വിശദീകരിക്കാന്‍ ജലീല്‍ തയാറാകണം. ഗുരുതരമായ ക്രമക്കേടുകള്‍ക്ക് ജലീല്‍ ഇരുമ്പഴിക്കുള്ളില്‍ കിടക്കുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അച്ചടക്കം ഉറപ്പാക്കും:

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയുമായി ബന്ധപ്പെട്ട് ഒരിടത്തും പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ അച്ചടക്കത്തോടെയും ജാഗ്രതയോടും കൂടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അച്ചടക്കലംഘനം ആര് നടത്തിയാലും അത് എത്ര മുതിര്‍ന്ന നേതാവായും അത് അംഗീകരിക്കില്ല.

ബാര്‍ കോഴക്കസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളവ മാത്രമാണെന്നും അതിനെ ഗൗവരമായി എടുക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച ഒരു മദ്യ വ്യാപാരിയാണ് ആരോപണം ഉന്നയിച്ചത്. രാഷ്ട്രീയ വിവാദമുണ്ടാക്കുക എന്നത് മാത്രമാണ് ലക്ഷ്യം.

ആരോപണങ്ങളുടെ നീര്‍ച്ചുഴിയില്‍പ്പെട്ട സര്‍ക്കാര്‍ അതില്‍ നിന്നള്ള ശ്രദ്ധ തിരിച്ചു വിടുന്നതിനായിട്ടാണ് എം.സി കമറുദ്ദീന്‍ എം.എല്‍എയ്ക്ക് എതിരെ ദ്രുതഗതിയില്‍ നടപടിയെടുത്തത്. കമറുദ്ദീനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്ന മുസ്്ലിം ലീഗിന്റെ അഭിപ്രായം തന്നെയാണ് കോണ്‍ഗ്രസിനുമുള്ളതെന്നും മുല്ലപ്പള്ളി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Back to top button
error: