അര്‍ണാബിന് ഐക്യദാര്‍ഢ്യം; ബിജെപി നേതാക്കള്‍ അറസ്റ്റില്‍
ആര്കിടെക്ടിന്റെ മരണത്തില്‍ അറസ്റ്റിലായ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അർണാബ് ഗോസ്വാമിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യപിക്കാനെത്തിയ ബിജെപി നേതാക്കള്‍ അറസ്റ്റില്‍. കപില്‍ മിശ്ര, തജീന്ദര്‍ പാല് സിങ് ബാഗ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ രാജ്ഘട്ടില്‍ പോലീസ് നിര്‍ദേശം മറികടന്ന് ധര്‍ണ സംഘടിപ്പിക്കാന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്.
മനുഷ്യത്വ രഹിതമായ സമീപനമാണ് കേസില്‍ പൊലീസ് കൈക്കൊണ്ടതെന്ന് കപില്‍ മിശ്ര പറഞ്ഞു. ‘സര്‍ക്കാരിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഇതാദ്യമായാണ് രാജ്യത്ത് ഒരു മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്നത്. മാത്രവുമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും നടപടിയെടുക്കുന്നത് ഇത്തരത്തിലുള്ള ആദ്യത്തെ നടപടിയാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ ക്രൂരതയ്ക്കെതിരെയാണു സമരം..’ മിശ്ര കൂട്ടിച്ചേര്‍ത്തു.
രാജ്ഘട്ടില്‍ സമരം നടത്തുന്നതിന് നിലവില്‍ വിലക്കുണ്ടെന്നും ഇതു മറികടന്നതിനാണ് കേസെടുത്തതെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, അർണാബ് ഗോസ്വാമിയെ ജയിലിലേക്ക് മാറ്റി. സുരക്ഷപ്രശ്നങ്ങളെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്. നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്. നിലവില്‍ പാര്‍പ്പിച്ചിരുന്ന റായ്ഗഡ് ജില്ലയിലെ അലിബാഗിലെ ക്വാറന്റീന് കേന്ദ്രത്തില്‍ സുരക്ഷപ്രശ്നങ്ങളുണ്ടെന്നതിനെ തുടര്‍ന്നാണിത്. അലിബാഗിലെ ജയിലിലാക്കപ്പെട്ടവര്‍ക്കുള്ള ക്വാറന്റീന് കേന്ദ്രമായ സ്കൂളില്‍നിന്നാണ് അർണാബിനെ മാറ്റിയത്.
നവംബര്‍ 4നാണ് ആര്‍കിടെക്റ്റ് ആന്‍വി നായിക് ആത്മഹത്യചെയ്ത കേസില്‍ അര്‍ണാബ് അറസ്റ്റിലായത്.