ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടി
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. ബെംഗളൂരു സിവില്‍ ആന്റ് സിറ്റി സെഷന്‍സ് കോടതിയുടേതാണ് നടപടി.
അതേസമയം, കസ്റ്റഡി കാലാവധി പത്ത് ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ നാല് ദിവസത്തേക്ക് അനുവദിക്കുകയായിരുന്നു. എന്നാല്‍ ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അപേക്ഷ നല്‍കി.
തുടര്‍ച്ചയായ 10 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ഇന്നലെ രാത്രി എട്ടരയോടെ ആണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. തുടര്‍ന്നു വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്കു മാറ്റുകയായിരുന്നു. ഇഡിയുടെ നീക്കങ്ങള്‍ അറിഞ്ഞശേഷം ഹൈക്കോടതിയെ സമീപിക്കുന്നതടക്കമുളള കാര്യങ്ങളില്‍ തീരമാനം മതി എന്ന നിലപാടിലാണ് ബിനീഷിന്റെ അഭിഭാഷകര്‍.