NEWS

ബാലാവകാശ കമ്മീഷൻ ബാലാവകാശ ലംഘനം നടത്തി: കെ.സുരേന്ദ്രൻ

ആലപ്പുഴ: ബിനീഷ് കൊടിയേരിയുടെ വീട്ടിലെ ഇ.ഡി റെയിഡിനിടെ ബാലാവകാശ കമ്മീഷൻ രണ്ട് വയസുള്ള കൊച്ചുകുട്ടിയെ ഉപയോ​ഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തിയത് ബാലാവകാശ ലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബാലാവകാശ കമ്മീഷൻ പാർട്ടി കമ്മീഷനായി മാറിയെന്നും ആലപ്പുഴ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐയെയും ഡിവൈ.എഫ്.ഐയെയും പോലെ സി.പി.എമ്മിന്റെ പോഷകസംഘടനയായാണ് കമ്മീഷൻ പെരുമാറുന്നത്. രണ്ട് വയസ് പ്രായമുള്ള കൊച്ചു കുഞ്ഞിനെ ആൾക്കൂട്ടത്തിലേക്ക് വിളിച്ചു വരുത്തിയത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ്. മാദ്ധ്യമപ്രവർത്തകരും പൊലീസും ഉള്ള സ്ഥലത്തേക്കാണ് കുട്ടിയെ വിളിപ്പിച്ചത്. ഇഡി പരിശോധന തുടങ്ങിയപ്പോഴാണ് കൊച്ചു കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും ഇത് ബാലാവകാശത്തിന്റെ നിഷേധമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പരാതി പരിശോധിക്കാൻ കമ്മീഷന് അധികാരമുണ്ടെങ്കിലും രാഷ്ട്രീയ പ്രശ്നമാക്കി മാറ്റിയത് അപക്വമാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.പി.എമ്മുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥർക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന വാർത്തകൾ ​ഗൗരവതരമാണ്.
പാർട്ടി സെക്രട്ടറിയുടെ മകൻ്റെ പേരിലുള്ള മയക്കുമരുന്ന് കേസ് ജനങ്ങളോട് വിശദീകരിക്കാൻ സിപിഎമ്മിന് കഴിയുന്നില്ല. മുസ്ലിം ലീഗിൻ്റെ മഞ്ചേശ്വരം എം.എൽ.എ 150 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടും സർക്കാരിൻ്റെ സഹായമുള്ളതുകൊണ്ടാണ് ഇത്രയും ദിവസം അറസ്റ്റ് ചെയ്യാതിരുന്നത്. കടുത്ത സമ്മർദ്ദമുണ്ടായതു കൊണ്ടാണ് അറസ്റ്റ് നടന്നത്. പാലാരിവട്ടം കേസിൽ മുഖ്യമന്ത്രിയുടെ സഹായമുള്ളതുകൊണ്ടാണ് ഇബ്രാഹിം കു‍ഞ്ഞ് ഇപ്പോഴും പുറത്തിറങ്ങി നടക്കുന്നത്. എൽ.ഡിഎഫും യു.ഡി.എഫും സമാന സ്വഭാവമുള്ള അഴിമതി കേസിൽ മുങ്ങി കുളിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ധനകാര്യമന്ത്രി തോമസ് ഐസക്ക് നടപ്പിലാക്കുന്ന പലപദ്ധതികളും വൻഅഴിമതിയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ മറയാക്കി മന്ത്രിമാരും സി.പി.എം നേതാക്കളും ഹവാല ഇടപാടുകളും കള്ളപ്പണ വെളുപ്പിക്കലും നടത്തുന്നുണ്ട്. കിഫ്ബിയിൽ ഒരു ഓഡിറ്റിം​ഗും ടെണ്ടർ നടപടികളുമില്ല. കിഫ്ബി എന്നത് തട്ടിപ്പിനുള്ള ഉപാധിയായി മാറി. 8000 കോടിയുടെ പദ്ധതികൾ വരെ ടെണ്ടർ വിളിക്കാതെ ഊരാളുങ്കലിന് കൊടുക്കുകയാണ്. കിഫ്ബിയുടെ ഇടപാടുകൾ ഇ.ഡി അന്വേഷിച്ചാൽ തോമസ് ഐസക്കിന്റെ എല്ലാ തട്ടിപ്പുകളും പുറത്താകും.

എൻഫോഴ്സ്മെന്റ് ഡയറക്ടേഴ്സിന്റെ വാഹനം തടയാൻ പൂജപ്പുര എസ്.ഐക്ക് ആരാണ് അധികാരം നൽകിയതെന്ന് സുരേന്ദ്രൻ ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ അഴിമതിയെ പറ്റിയുള്ള അന്വേഷണം തടയാൻ സർക്കാർ ശ്രമിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തടയാൻ എൽ.ഡി.എഫ്-യു.ഡി.എഫ് അവിശുദ്ധ സഖ്യം നിലവിൽ വന്നെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: