NEWS

ട്രംപ് വൈറ്റ് ഹൗസിൽ നിന്നിറങ്ങാൻ വിസമ്മതിച്ചാൽ എന്താകും അമേരിക്കയിലെ സ്ഥിതി ?


ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയവഴിയിലാണ് .നിലവിലെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആകട്ടെ പരാജയം സമ്മതിക്കാൻ മനസ്സില്ലാതെ നിൽക്കുകയാണ് .ഫലം വന്നിട്ടും സ്ഥാനമൊഴിയാൻ ട്രംപ് തയ്യാറായില്ലെങ്കിൽ ഫലമെന്താവും ?

പരാജയപ്പെട്ട പ്രസിഡണ്ട് അധികാരം ഒഴിയാൻ തയ്യാറായില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യത്തിന്റെ ഭരണ ഘടനയിൽ ഇല്ല എന്നതാണ് വാസ്തവം .ഇതിനു മുമ്പ് അങ്ങിനെ ഒരു പരീക്ഷണം അമേരിക്കൻ ജനത നേരിട്ടിട്ടുമില്ല .

Signature-ad

ഭരണഘടനയുടെ ആർട്ടിക്കിൾ രണ്ടിൽ പറയുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിന്റെ കാലാവധി നാല് വർഷം ആണെന്നാണ് .ഇരുപതാം ഭേദഗതിയിൽ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും കാലാവധി ജനുവരി 20 നു ഉച്ചക്ക് കഴിയുമെന്നാണ് പറയുന്നത് .തുടർന്ന് അധികാരം ഏൽക്കുന്നയാൾ ഭരിക്കുമെന്നും.

രണ്ടര നൂറ്റാണ്ടായി അധികാരത്തിൽ ഇരുന്ന പ്രസിഡന്റുമാർ നിയമം അനുസരിച്ചിട്ടുണ്ട്.സമാധാനപരമായ അധികാരക്കൈമാറ്റമാണ് അമേരിക്കൻ ജനാധിപത്യത്തിന്റെ ആണിക്കല്ല് .ട്രംപ് അധികാരമൊഴിയാൻ സമ്മതിച്ചില്ലെങ്കിൽ അമേരിക്കയിൽ അനിതരസാധാരണമായ സാഹചര്യം ഉണ്ടാകും എന്നതിൽ തർക്കമില്ല .

എന്നാൽ ജനവിധി നഷ്ടമായാൽ പ്രസിഡന്റിന് വേറെ വഴിയില്ല എന്നതാണ് വാസ്തവം .തെരഞ്ഞെടുപ്പിൽ തോറ്റാലോ ഇഎംപീച്ച്മെന്റ് പാസായാലോ ഉടൻ തന്നെ പ്രസിഡന്റിന് അധികാരം നഷ്ടമാവും എന്നതാണ് കീഴ്വഴക്കം .തന്നെ സംരക്ഷിക്കാൻ അമേരിക്കൻ പോലീസ് – രഹസ്യാന്വേഷണ -സൈനിക വിഭാഗങ്ങളോട് ആജ്ഞാപിക്കാൻ പുറത്തായ പ്രസിഡന്റിന് ആവില്ല .തന്നെ സംരക്ഷിക്കാൻ ഒരു സൈനിക നടപടിയ്ക്ക് ഉത്തരവിടാനും അദ്ദേഹത്തിന് ആവില്ല .

ഇനി തെരഞ്ഞടുപ്പിൽ വിജയിച്ച ആൾക്ക് ട്രംപിനെ വൈറ്റ് ഹൗസിൽ നിന്ന് പുറത്താക്കാൻ ഉത്തരവിടാനും ആകും .രാജ്യത്തെ സേനയുടെ അധികാരവും നിയുക്ത പ്രസിഡന്റിന് വന്നു ചേരും .സാധാരണ പൗരൻ മാത്രമായി തീരുന്ന തോറ്റ പ്രസിഡന്റിന് അധികാരത്തിന്റെ പരിരക്ഷ ലഭിക്കില്ല .അദ്ദേഹത്തിന്റെ ഉത്തരവുകൾ സേന വിഭാഗങ്ങൾ അനുസരിക്കുകയുമില്ല .

ട്രമ്പ് സാഹസത്തിന് മുതിരില്ലെന്നു കരുതാമെങ്കിലും അദ്ദേഹം നിർബന്ധം പിടിച്ചാൽ അമേരിക്കൻ തെരുവിൽ രക്‌തച്ചൊരിച്ചിലിന് ഉള്ള പരോക്ഷ ആഹ്വാനം ആകുമത്. ട്രമ്പിന്റെ ആരാധകർ അക്രമത്തിനു മുതിർന്നാൽ വലിയ സംഘട്ടനത്തിലേയ്ക്ക് പോകുമത്. സമാധാനപരമായ അധികാരക്കൈമാറ്റം അധികാരമൊഴിയുന്ന നേതാവിന്റെ മനോഗതം അനുസരിച്ചാവും എന്ന് സാരം. അമേരിക്കയ്ക്ക് ഇതുവരെ ഇക്കാര്യത്തിൽ ഭാഗ്യം ഉണ്ട്. രണ്ടാം തവണയുടെ കാലാവധി കഴിഞ്ഞ് സാക്ഷാൽ വാഷിങ്ട്ടൻ നടത്തിയ പ്രവർത്തനങ്ങൾ തന്നെയാണ് മാതൃക. തന്റെ പിൻഗാമി ജോൺ ആഡംസിന്റെ അധികാരമേൽക്കൽ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. തിരിച്ചിറങ്ങുമ്പോൾ അമേരിക്കൻ പൗരൻ എന്ന നിലയ്ക്ക് പുതിയ പ്രസിഡന്റിന്റെ പുറകിൽ ആയാണ് വാഷിംഗ്ട്ടൻ നടന്നത്.

രൂക്ഷമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ശേഷം പരാജയപ്പെട്ട് പടിയിറങ്ങുമ്പോൾ ജോർജ് എച്ച് ഡബ്ലിയു ബുഷ് വൈറ്റ് ഹൗസിൽ ബിൽ ക്ലിന്റണ് ഒരു കത്തെഴുതി വച്ചു. അതിങ്ങനെ അവസാനിക്കുന്നു. “ഇത് വായിക്കുമ്പോൾ താങ്കൾ ഞങ്ങളുടെ പ്രസിഡണ്ട് ആയിട്ടുണ്ടാവും. താങ്കൾക്ക് ആശംസ നേരുന്നു. താങ്കളുടെ കുടുംബത്തിന് ആശംസ നേരുന്നു. താങ്കളുടെ വിജയം രാജ്യത്തിന്റെ വിജയമാണ്. തുടർന്നും വിജയമുണ്ടാകട്ടെ “.

ജനവിധി അംഗീകരിക്കാൻ ട്രമ്പ് തയ്യാറായില്ലെങ്കിൽ രാജ്യത്തെ നീതിനിർവഹണ സംവിധാനം നീതി നടപ്പാക്കും. അങ്ങിനെ ഉണ്ടായില്ലെങ്കിൽ അമേരിക്കൻ ജനാധിപത്യ ചരിത്രത്തിൽ കറുത്ത ഏടായിരിക്കും അത്. പിന്നീട് അമേരിക്കയിൽ ജനാധിപത്യം അവശേഷിക്കുമോ എന്ന് ഇപ്പോൾ പറയാൻ ആകില്ല.

Back to top button
error: