വിജയത്തിലേക്ക് അടുത്ത് ബൈഡന്‍, വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സ്‌റ്റേറ്റുകളില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധം
വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്. വിജയത്തിലേക്ക് അടുത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു സ്ഥാനാര്‍ഥിക്കു ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വോട്ടാണ് ബൈഡന്‍ നേടിയത്. ഒരു സ്റ്റേറ്റില്‍ കൂടി വിജയിച്ചാല്‍ ബൈഡനെ വിജയിയായി പ്രഖ്യാപിക്കാമെന്നാണ് വാര്‍ത്താ ഏജന്‍സിയായ എപി പറയുന്നത്.
നിലവില്‍ 264 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന് ലഭിച്ചിരിക്കുന്നത്. അതേസമയം, ട്രംപിന് 214 വോട്ടുകളേ നേടാനായുളളൂ.
നെവാഡയിലും അരിസോണയിലും ബൈഡനാണ് നേരിയ ലീഡ്. എന്നാല്‍ പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും ട്രംപിനുണ്ടായിരുന്ന മേധാവിത്തം ആബ്‌സന്റീ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ കുറഞ്ഞു തുടങ്ങിയിരുന്നു. നോര്‍ത്ത് കാരലൈനയിലും ചെറിയ ലീഡ് ട്രംപ് നിലനിര്‍ത്തുന്നുണ്ട്. പരാജയപ്പെട്ടാല്‍ പ്രസിഡന്റ് സ്ഥാനത്തിരുന്നു വീണ്ടും മല്‍സരിച്ചു പരാജയപ്പെടുന്ന ആളെന്ന പേരും ട്രംപിന് ലഭിക്കും.
അതേസമയം, തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന പേരില്‍ ട്രംപ് അനുയായികള്‍ കോടതികളില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സ്‌റ്റേറ്റുകളില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധം നടക്കുന്നുണ്ട്.