മമ്മൂട്ടി-മഞ്ജുവാര്യര്‍ ആദ്യമായി ഒന്നിക്കുന്ന ‘ദി പ്രീസ്റ്റി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി
നവാഗതനായ ജോഫിന്‍ ടി ചാക്കോയുടെ കഥയില്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. കോവിഡ് മുലം പാതിവഴിയില്‍ നിര്‍ത്തിവെച്ച ചിത്രമായിരുന്നു ദി പ്രീസ്റ്റ്. മമ്മൂട്ടിയുടെ രംഗങ്ങള്‍ നേരത്തെ ചിത്രീകരിച്ചിരുന്നു. മഞ്ജുവാര്യര്‍ ഉള്‍പ്പെടുന്ന സീനുകളാണ് അവസാനഭാഗത്ത് ഷൂട്ട് ചെയ്തത്.
സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ക്ക് കോവിഡ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഷൂട്ടിങ് വീണ്ടും നിലച്ചിരുന്നു. പിന്നീട് ഏഴു ദിവസം മുമ്പ് മാത്രമാണ് ഷൂട്ടിങ് പുനരാരംഭിക്കാനായതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്.
മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. നിഖില വിമല്‍ , സാനിയ ഇയ്യപ്പന്‍ , ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ജോഫിന്റെ കഥയ്ക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്. കൈദി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്കയാണ് ചിത്രത്തില്‍ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ദി പ്രീസ്റ്റ് നിര്‍മ്മിക്കുന്നത്.