NEWS

സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ ക്രമക്കേട്; പിടിച്ചെടുത്തത് 28 മൊബൈലുകള്‍

തിരുവനന്തപുരം: ഒക്ടോബര്‍ 23നു നടന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നാല് കോളേജുകളില്‍ നിന്നായി 28 മൊബൈലുകള്‍ പിടിച്ചെടുത്തു. ഇതില്‍ ഒരു കോളേജില്‍ നിന്ന് 16 ഉം മറ്റൊരു കോളേജില്‍ നിന്ന് 10 ഉം മറ്റ് രണ്ട് കോളേജുകളില്‍ നിന്ന് ഓരോന്നും വീതമാണ് ഇന്‍വിജിലേറ്റേഴ്‌സിന്റെ പരിശോധനയില്‍ ലഭിച്ചത്. വൈസ് ചാന്‍സിലര്‍ ഡോ. എം.എസ്.രാജശ്രീയുടെ നിര്‍ദ്ദേശാനുസരണം ഈ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുമായും പരീക്ഷാവിഭാഗം അധ്യാപകരുമായും സര്‍വ്വകലാശാല പരീക്ഷ ഉപസമിതി നടത്തിയ ഓണ്‍ലൈന്‍ ഹിയറിങ്ങിലാണ് വിവരങ്ങള്‍ ലഭിച്ചത്.

പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനമുണ്ട്. അതിനാല്‍ മൊബൈല്‍ കൊണ്ടുവരുന്നവര്‍ അവ പുറത്തുവെയ്ക്കണമെന്ന് ഇന്‍വിജിലേറ്റര്‍സ് നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ഇന്‍വിജിലേറ്റര്‍സിനെ ബോധ്യപ്പെടുത്താന്‍ ഒരെണ്ണം പുറത്തുവെയ്ക്കുകയും രഹസ്യമായി കരുതിവച്ച മറ്റൊരു ഫോണുമായി പരീക്ഷാഹാളിലേക്ക് കയറിവരാറുമുണ്ടെന്നാണ് വിവരം. അനധികൃതമായി മൊബൈല്‍ ഫോണുമായി പരീക്ഷാ ഹാളില്‍ കയറുന്നവര്‍ക്ക് തുടര്‍ന്നുളള മൂന്ന് തവണ വരെ പ്രസ്തുത പരീക്ഷ എഴുതാനാവില്ല എന്നതാണ് നിയമം. ചില കോളേജുകളില്‍ ഇത്തരത്തില്‍പിടിച്ചെടുത്ത മൊബൈലുകള്‍ ഉടന്‍ തിരിച്ചുനല്‍കണം എന്നാവശ്യപ്പെട്ട് അധ്യാപകരോട് കയര്‍ത്തു സംസാരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Signature-ad

ഒരേ വിഷയത്തിനായി പലതരം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ് വിവരം. എഴുപത്തഞ്ച് മാര്‍ക്കിനുളള ഉത്തരങ്ങള്‍ വരെ ചില ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. പിടിച്ചെടുത്ത പല മൊബൈല്‍ഫോണുകളും ഇപ്പോള്‍ ലോക്കഡ് സ്ഥിതിയിലാണ്. ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചോ ഇമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴിയോ ഫോണ്‍ ഉപയോഗം തടയുവാനും വാട്‌സാപ്പ് നീക്കം ചെയ്യുവാനും കഴിയും. അതിനാല്‍ ഫോണുകള്‍ വീണ്ടും പരിശോധിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ കണ്ടെത്തുന്നതിന് സാങ്കേതിക പരിമിതികളുണ്ടെന്ന് പ്രിന്‍സിപ്പല്‍മാര്‍ അഭിപ്രായപ്പെട്ടു. സമാനമായ കോപ്പിയടികള്‍ മറ്റു കോളേജുകളിലും പരീക്ഷകളിലും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഓരോ കോളേജുകളിലേയും അച്ചടക്ക സമിതികള്‍ കൂടി വിശദമായ റിപ്പോര്‍ട്ടുകള്‍ അഞ്ച് ദിവസത്തിനകം നല്‍കണമെന്ന് പ്രിന്‍സിപ്പല്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രൊ.വൈസ് ചാന്‍സലര്‍ ഡോ.എസ്.അയൂബ്,സിന്‍ഡിക്കേറ്റ് പരീക്ഷ ഉപസമിതി അംഗങ്ങളായ പ്രൊഫ.പി.ഒ.ജെ.ലബ്ബ, ഡോ.സി.സതീഷ്‌കുമാര്‍,ഡോ.ജി.വോണുഗോപാല്‍ പരീക്ഷ കണ്‍ട്രോളര്‍ ഡോ.കെ.ആര്‍ കിരണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Back to top button
error: