2013 ല്‍ മലയാള സിനിമയുടെ ജാതകം മാറ്റിയെഴുതുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ച ചിത്രമായിരുന്നു ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം. നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ സംഭവിക്കുന്ന മഹാത്ഭുതം എന്നായിരുന്നു ദൃശ്യത്തെ ഏറെ പ്രശസ്തനായ ഒരു സംവിധായകന്‍ വിശേഷിപ്പിച്ചത്. ചിത്രം സാമ്പത്തികമായും, ഫിലിം ക്രിട്ടിക്‌സിന്റെ ഇടയിലും വലിയ അഭിപ്രായം നേടിയിരുന്നു. വിവിധ ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റയിപ്പോഴും വിജയം ചിത്രങ്ങളെ പിന്തുടര്‍ന്നിരുന്നു. തമിഴില്‍ കമലഹാസനെ നായകനാക്കി ജിത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്.
ദൃശ്യത്തിന് ശേഷം മറ്റ് ചിത്രങ്ങളുമായി ജിത്തു ജോസഫ് എത്തിയിരുന്നെങ്കിലും മലയാളികള്‍ ഒന്നടങ്കം ജിത്തു ജോസഫിനോട് ആവശ്യപ്പട്ടത് ദൃശ്യം 2 വേണമെന്നായിരുന്നു. ദൃശ്യം ഒന്നാം ഭാഗത്തോടെ ആ കഥ അവസാനിച്ചുവെന്നും അതിനൊരു തുടര്‍ച്ചയുണ്ടാകില്ലെന്നും ജിത്തു ജോസഫ് മുന്‍പ് പല തവണ പറഞ്ഞിരുന്നുവെങ്കിലും ലോക്ഡൗണ്‍ കാലത്താണ് ദൃശ്യം 2 എത്തുമെന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നു.
ജോര്‍ജുകുട്ടിയും കുടുംബവും നേരിടേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നു പോവുന്ന ഡ്രാമ ആയിരിക്കും ദൃശ്യം 2എന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നതെങ്കിലും ചിത്രം പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ പ്രേക്ഷകരും ആരാധകരും ഒന്നടങ്കം ആവേശത്തിലാണ്. ദൃശ്യത്തിന്റെ വലിയ വിജയം ഒരു വെല്ലുവിളിയാണ്. ചിത്രത്തിന് വലിയ പ്രതീക്ഷ വെച്ചായിരിക്കും ആളുകള്‍ തീയറ്ററിലേക്ക് വരിക. വലിയ പ്രതീക്ഷയില്ലാതെ വന്നാല്‍ ഒരു നല്ല സിനിമയായിരിക്കും ദൃശ്യം-സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നു.കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ടാണ് ദൃശ്യം 2ന്റെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നത്.