1984 മുതൽ ഇന്ത്യൻ പോലീസ് സേന ദാവൂദിന്റെ പുറകിൽ ആണ്.1993 ലെ മുംബൈ സ്ഫോടന കേസുകളെ തുടർന്ന് ദാവൂദ് കാണാമറയത്തായി.
ലോകം മുഴുവൻ പരന്നു കിടക്കുന്ന ഈ ക്രിമിനൽ സംഘത്തിന്റെ അടിവേരറുക്കാൻ കഴിയാത്തതെന്ത്?2003 ൽ ഐക്യരാഷ്ട്ര സുരക്ഷാ സമിതി ആഗോള തീവ്രവാദി ആയി ദാവൂദിനെ പ്രഖ്യാപിച്ചു. എന്നിട്ടും ഇന്റർപോളിന് പോലും ദാവൂദിനെ തൊടാൻ ആയില്ല.
ചില വ്യക്തികൾക്കെതിരെ ഐക്യരാഷ്ട്ര സുരക്ഷാ സമിതി നിർദേശപ്രകാരം പാക്കിസ്ഥാൻ കഴിഞ്ഞ മാസം ചില വിലക്കുകൾ കൊണ്ട് വന്നിരുന്നു. ആ പട്ടികയിൽ ദാവൂദ് ഇബ്രാഹിമിന്റെ പേരും ഉണ്ടായിരുന്നു. ഇതാദ്യമായി ദാവൂദ് പാകിസ്ഥാനിൽ ഉണ്ട് എന്ന് പാക്കിസ്ഥാൻ സമ്മതിച്ചുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയെങ്കിലും പതിവ് കാര്യം എന്ന് പറഞ്ഞ് പാക്കിസ്ഥാൻ തള്ളിക്കളയുക ആയിരുന്നു.
“2 കാര്യങ്ങൾ ആണ് ഡി കമ്പനി നിലനിൽക്കാൻ കാരണം. ഒന്ന് പാകിസ്ഥാന്റെ അകമഴിഞ്ഞ പിന്തുണ തന്നെ. രണ്ട് ഇന്ത്യയിലെ അധികാര ഇടനാഴികളിൽ പിടിപാടുള്ള രാഷ്ട്രീയക്കാരിലും പോലീസിലുമുള്ള അധോലോക ബന്ധങ്ങൾ.”ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺഫ്ലിക്ട് മാനേജ്‌മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അജയ് സാഹ്നി പറയുന്നു.
1993 ൽ രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തെ കുറിച്ച് പഠിക്കാൻ നിയുക്തനായ എൻ എൻ വോറാ കമ്മിറ്റി റിപ്പോർട്ടിനോട് ചേർന്ന് നിൽക്കുന്നതാണ് അജയ് സാഹ്നിയുടെ പ്രസ്താവന.14 കോടി വിലവരുന്ന മുംബൈയിലെ അഞ്ച് വസ്തുവകകൾ കണ്ടുകെട്ടുന്നു എന്നത് മാത്രമാണ് ഇതുവരെ ദാവൂദിനെതിരെ കൈക്കൊണ്ട ഒരു പ്രധാന നടപടി.”ആ നെറ്റ്‌വർക്ക് പൊളിച്ചില്ലെങ്കിൽ അധോലോകസംഘം തഴച്ചു വളരുക തന്നെ ചെയ്യും.സ്റ്റേറ്റിന്റെ അധികാരങ്ങളോട് നേരിട്ട് ഏറ്റുമുട്ടാതെ അതിൽ നിന്ന് തന്നെ വളരാനുള്ള മണ്ണ് കണ്ടെത്തിയാണ് സംഘടിതമായ കുറ്റം ചെയ്യുന്ന സംഘം വളരുന്നത്.”സാഹ്നി പറയുന്നു.
മുൻ ദേശീയ ഉപ ഉപദേഷ്ടാവ് അരവിന്ദ് ഗുപ്ത മറ്റൊരു ആംഗിൾ ആണ് പറയുന്നത്.”പാകിസ്ഥാന്റെ സഹായവും അഭയവും തന്നെയാണ് ദാവൂദിനുള്ള പ്രധാന പിന്തുണ. പാകിസ്ഥാനിൽ സുരക്ഷാ കേന്ദ്രത്തിൽ ദാവൂദ് കഴിയുന്നിടത്തോളം ഇന്ത്യൻ ഏജൻസികൾക്ക് പിടികൂടൽ എളുപ്പമല്ല.”ഗുപ്ത ചൂണ്ടിക്കാട്ടുന്നു.”രാജ്യത്തിന് പുറത്തുള്ളവർ നിയന്ത്രിക്കുന്ന ഒരു സംഘത്തെയാണ് നമ്മൾ നേരിടുന്നത്. ഇപ്പോൾ ദാവൂദ് ഐക്യരാഷ്ട്ര സഭയുടെ പട്ടികയിൽ ഉണ്ട്. അംഗ രാജ്യങ്ങളോട് സഹകരിച്ചാണ് യു എൻ പ്രവർത്തിക്കുന്നത്. ദാവൂദിന്റെ കാര്യത്തിൽ ദാവൂദിനെ സഹായിക്കുന്നത് അംഗ രാജ്യം തന്നെയാണ്. പിന്നെങ്ങിനെ ആണ് നടപടികൾ സാധ്യമാകുക?.”ഗുപ്ത ചോദിക്കുന്നു.
“ഇന്റർപോളിന്റെ കാര്യവും വ്യത്യസ്തമല്ല. വിവിധ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് ഇന്റർപോളിന്റെ പ്രവർത്തനം. ചില രാജ്യങ്ങൾ സഹകരിക്കും ചിലത് സഹകരിക്കില്ല.”ഗുപ്ത ചൂണ്ടിക്കാട്ടി.
മറ്റൊരു ഘടകം ഇന്റർപോളിന് ഉള്ള അധികാരം ആണ്.”ഇന്റർപോൾ പോലുള്ള ആഗോള ഏജൻസികൾക്ക് പല്ലില്ല. ഒരു പോസ്റ്റ് ഓഫീസ് പോലെ ആണ് ആ ഏജൻസി പ്രവർത്തിക്കുന്നത്. അത് ഒരു രാജ്യത്തിലെ ക്രിമിനലുകളുടെ പട്ടിക എടുത്ത് ക്രിമിനലുകൾ ഒളിച്ചു കഴിയുന്ന രാജ്യത്തിന് അയച്ചു കൊടുക്കുന്നു. ക്രിമിനലുകൾ ഒളിവിൽ കഴിയുന്ന രാജ്യത്തെ ഏജൻസികൾ ആണ് നടപടി എടുക്കേണ്ടത്. പാകിസ്താനെ പോലെ ഒരു രാജ്യം ക്രിമിനലുകളെ സംരക്ഷിക്കാൻ ആണ് തീരുമാനിക്കുന്നത് എങ്കിൽ പിന്നെന്ത് ചെയ്യാൻ കഴിയും.”ഗുപ്ത പറയുന്നു.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് പോലുള്ളവയ്ക്ക് ചില അധികാരങ്ങൾ ഉണ്ട്. ബ്ലാക്ക് ലിസ്റ്റ് ചെയ്യുക പോലുള്ള അധികാരങ്ങൾ. പക്ഷെ പാകിസ്താനെ പോലുള്ള ഒരു രാജ്യത്തെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്താൻ മാത്രം സമവായം ആ സംഘടനയിൽ ഉണ്ടാകില്ല. ഇനി പാക്കിസ്ഥാൻ നടപടി എടുക്കുന്നു എന്ന് തന്നെ കരുതുക.ബാങ്ക് അക്കൌണ്ട് മരവിപ്പിക്കൽ പോലുള്ള നടപടികൾ അവരെ അറിയിച്ച് അവരുടെ ഫണ്ട് വേറെ അകൗണ്ടുകളിലേയ്ക്ക് മാറ്റിയാണ് നടപടി എടുക്കുന്നത്. മാത്രമല്ല പല പേരുകളിൽ ആയാണ് ദാവൂദ് ഇബ്രാഹിമിനെ പോലുള്ളവർ ജീവിക്കുന്നത്.-ഒരു മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
“അമേരിക്കയെ പോലുള്ള സൂപ്പർ പവറുകൾക്ക് ചിലപ്പോൾ പറ്റിയേക്കാം. പാക്കിസ്ഥാൻ അറിയാതെ പാകിസ്ഥാന്റെ മണ്ണിൽ ഓപ്പറേഷൻ നടത്തി ഒസാമ ബിൻലാദനെ കൊന്നത് പോലെ.”സാഹ്നി ചൂണ്ടിക്കാട്ടുന്നു. എന്നാൽ അമേരിക്കക്ക് ദാവൂദ് ഒരു ഉന്നമല്ല.
“നമ്മൾ എന്തിനാണ് ഇന്റർപോളിനെ കാത്തിരിക്കുന്നത്. അവർക്ക് പരിമിതികൾ ഉണ്ട്.ശത്രുവിനെ വിദേശ മണ്ണിൽ ഇല്ലാതാക്കാൻ പുതിയ ആശയങ്ങൾ ആണ് ഇന്ത്യ കണ്ടുപിടിക്കേണ്ടത്. പാകിസ്ഥാന്റെ അധികാര ശ്രേണിയിൽ തന്നെ വിള്ളൽ ഉണ്ട്. ഇന്ത്യ അത് ഉപയോഗിക്കണം. അമേരിക്ക അത് ചെയ്യുന്നുണ്ട്. ഇസ്രായേൽ സ്ഥിരമായി ചെയ്യുന്നുണ്ട്. നമ്മൾ അവരെ മാതൃക ആക്കണം.”പാകിസ്താനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ ജി പാർത്ഥസാരഥി ചൂണ്ടിക്കാട്ടുന്നു.