യു എ ഇ കോൺസുലേറ്റിൽ ഉന്നതർ വൻതോതിൽ ഡോളർ കടത്തിയെന്ന് സ്വപ്നയും സരിത്തും
വിദേശത്തേയ്ക്ക് ഡോളർ കടത്തിയതിന് തിരുവനന്തപുരം യു എ ഇ കോണ്സുലേറ്റിന് വൻ പങ്കെന്ന് സ്വപ്നയുടെയും സരിതത്തിന്റെയും മൊഴി .അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിക്കുന്നു .കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈക്രി അൽഷെമിലി, സാമ്പത്തികവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി എന്നിവർ കേരളത്തിൽ നിന്ന് ധാരാളമായി വിദേശ കറൻസി കടത്തിയിരുന്നു .
സ്വപ്ന സുരേഷ് ,പി എസ് സരിത്ത് എന്നിവർ ഇതിനു സഹായം ചെയ്തിട്ടുണ്ടെന്നും ഇവർ ഫെമ നിയമം ലംഘിച്ചുവെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ സമർപ്പിച്ചു .ഡോളർ കടത്ത് കേസിൽ ഇരുവരുടെയും പേരിൽ കേസ് രെജിസ്റ്റർ ചെയ്യുകയും ചെയ്തു .
സ്വപ്ന സുരേഷ് ജൂലൈ 31 നു നൽകിയ മൊഴി പ്രകാരമാണ് ഡോളർ കടത്ത് കേസ് രെജിസ്റ്റർ ചെയ്തത് .ഒക്ടോബർ 10 ,14 തിയ്യതികളിൽ സ്വപ്നയേയും സരിത്തിനെയും ഒരുമിച്ച് ചോദ്യം ചെയ്തിരുന്നു .ഇതിലാണ് യു എ ഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് ധാരാളം വിദേശ കറൻസി കടത്തിയതായുള്ള വിശദ വിവരങ്ങൾ ലഭിച്ചത് .കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദ് 1 .9 ലക്ഷം ഡോളർ ഹാൻഡ്ബാഗിലാക്കി കടത്തി.ഒമാൻ വരെ ഇരുവരും ഖാലിദിനെ അനുഗമിച്ചു .ഖാലിദ് കെയ്‌റോയിലേയ്ക്കും ഇരുവരും ദുബൈയിലേയ്ക്കും പോയി .ഇവർ യാത്ര ചെയ്തു എന്ന് പറയുന്ന ദിനങ്ങൾ ശരിയാണെന്നു കസ്റ്റംസ് പരിശോധനയിൽ വ്യക്തമായി .
ഡോളർ ഒളിപ്പിച്ച ഹാൻഡ്ബാഗേജ് ഖാലിദ് യു എ ഇ കോൺസുലേറ്റിലെ എക്സ്റേ മെഷീനിൽ സ്‌ക്രീൻ ചെയ്ത് നോക്കി .വിമാനത്താവളത്തിൽ പിടികൂടുമോ എന്ന് നോക്കാനായിരുന്നു ഇത് .ഇതിനു താൻ സാക്ഷി ആണെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട് .സാരിത്തും ഇത്തരത്തിലുള്ള മൊഴിയാണ് നൽകിയത് .കോൺസൽ ജനറൽ അൽസാബി, അറ്റാഷെ റാഷിദ് ഖാമിസ് എന്നിവർ ഇതേരീതിയിൽ വിദേശകറൻസി കടത്തിയതായി സ്വപ്‌ന മൊഴി നൽകിയിട്ടുണ്ട് .തിരുവനന്തപുരം വിമാനത്താവളത്തിൽ സഹായത്തിനു സരിതാണ് ഇവരെ അനുഗമിച്ചിരുന്നത് .എന്നാൽ കോൺസുലേറ്റിൽ ആരെയും ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടില്ല .