ദരിദ്രര്‍ക്കും മര്‍ദിത ജനവിഭാഗങ്ങള്‍ക്കുമായി പ്രവര്‍ത്തിച്ച അസാമാന്യ വ്യക്തി; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
കാലം ചെയ്ത മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയ്ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അനുശോചനം. ദരിദ്രര്‍ക്കും മര്‍ദിത ജനവിഭാഗങ്ങള്‍ക്കുമായി പ്രവര്‍ത്തിച്ച അസാമാന്യ വ്യക്തിത്വമായിരുന്നുവെന്ന് നരേന്ദ്രമോദി കുറിച്ചു.
മാത്രമല്ല മെത്രാപ്പോലീത്തയുടെ നവതി ആഘോഷത്തിലെ പ്രസംഗവും മോദി ട്വീറ്ററില്‍ പങ്കുവച്ചു. അതേസമയം,സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടിയ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.
സമൂഹത്തിലെ അശരണരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ മോചനത്തിനും ക്ഷേമത്തിനും വേണ്ടി അദ്ദേഹം വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു. മുംബൈ ചുവന്ന തെരുവിലെ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാനും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഇതിനുദാഹരണമാണ്.
പ്രളയം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ചു.
കേരളം സുനാമിയും മഹാപ്രളയവും നേരിട്ടപ്പോഴും മെത്രാപ്പൊലീത്ത സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നു. മതനിരപേക്ഷമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നേതൃത്വം നല്‍കിയത്. സഭകളുടെ ഐക്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമാണ്. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ വേര്‍പാട് സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു
ഇന്ന് പുലര്‍ച്ചെ 2 30 ഓടെയായിരുന്നു ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത കാലം ചെയ്തത്.90 വയസായിരുന്നു .ദിവസങ്ങളായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു .പുലര്‍ച്ചെ യാണ് അന്ത്യം .
2007 ലാണ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ പിന്‍ഗാമിയായി ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത തെരഞ്ഞെടുക്കപ്പെട്ടത് .മാരാമണ്‍ കണ്‍വെന്‍ഷന്റെ മുഖ്യ ചുമതലക്കാരന്‍ ആയിരുന്നു .രാത്രി യോഗങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കിയത് ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത ആയിരുന്നു .
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത സജീവമായിരുന്നു .രോഗികള്‍ക്കും അശരണര്‍ക്കും താങ്ങായി ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത നിരവധി പ്രസ്ഥാനങ്ങള്‍ ആരംഭിച്ചു .