കോവിഡ് വന്നുപോയെന്ന് ആശ്വസിക്കരുത്, രണ്ടാമതും പിടിപെട്ടാല്‍ അപകടം
കോവിഡ് ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണഘട്ടങ്ങളിലുമാണ് പലരാജ്യങ്ങളും. ഓരോ കണ്ടെത്തലുകള്‍ക്കിടയില്‍ പുതിയ വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ കോവിഡ് രോഗമുക്തരായവര്‍ക്ക് വീണ്ടും രോഗം പിടിപെട്ടാല്‍ ആദ്യത്തേതിനേക്കാള്‍ തീവ്രമായിരിക്കുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു.
ഇതിനെ സംബന്ധിച്ച് ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്കയില്‍ ഇത്തരത്തില്‍ രണ്ടാമത് രോഗം വന്ന വ്യക്തിയെക്കുറിച്ച് നെവാദ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലാണ് പഠനം നടത്തിയത്.
നെവാദയിലുള്ള 25 കാരന് 48 ദിവസത്തിനിടെ രണ്ട് തവണയാണ് രണ്ട് സാര്‍സ് കോവി-2 വകഭേദങ്ങള്‍ മൂലമുള്ള കോവിഡ് ബാധയുണ്ടായത്. രണ്ടാമത്തെ രോഗബാധ ആദ്യത്തെ തവണയേക്കാല്‍ ഗുരുതരമായിരുന്നു. ഇത് മൂലം രണ്ടാം തവണ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഓക്സിജന്‍ പിന്തുണ നല്‍കേണ്ടി വന്നു. ബെല്‍ജിയം, നെതര്‍ലാന്‍ഡ്, ഹോങ്കോങ്ങ്, ഇക്വഡോര്‍ എന്നിവിടങ്ങളിലും രണ്ടാമത് കോവിഡ് രോഗം ബാധിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പഠനം പറയുന്നു.
അതേസമയം, കോവിഡ് വന്നു പോയവരില്‍ എത്രകാലം പ്രതിരോധ ശേഷി നിലനില്‍ക്കുമെന്നതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ഗവേഷകര്‍ക്ക് പോലും കണ്ടെത്താനായിട്ടില്ല.