ലൈഫ്‌ ഇടക്കാലവിധി;അഹങ്കരിക്കാന്‍ ഒന്നുമില്ല: മുല്ലപ്പള്ളി

ലൈഫ്‌ മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിന്‌ അഹങ്കരിക്കാന്‍ ഒന്നുമില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. എഫ്‌.സി.ആര്‍.എയുമായി ബന്ധപ്പെട്ട സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ്‌ ഹൈക്കോടതി ഇത്തരമൊരു ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.ഇതില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും ഇത്‌ അന്തിമ വിധിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഈ കേസില്‍ കൃത്യമായ ക്രമക്കേട്‌ കണ്ടെത്തിയ സാഹചര്യത്തിലാണ്‌ സി.ബി.ഐ സ്വമേധയാ കേസെടുത്തത്‌.അതിനാലാണ്‌ സി.ബി.ഐയുടെ എഫ്‌.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കാത്തതും യുണിടാകുമായി ബന്ധപ്പെട്ട ഇടപാടില്‍ അന്വേഷണം തുടരാന്‍ അനുവദിച്ചതും. സി.ബി.ഐ കേസ്‌ ഏറ്റെടുത്തപ്പോള്‍ മുതല്‍ അധികാര കേന്ദ്രങ്ങളില്‍ വിറതുടങ്ങിയതാണ്‌.അതുകൊണ്ടാണ്‌ സി.ബി.ഐ അന്വേഷണത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തുടരെത്തുടരെ ശ്രമിക്കുന്നത്‌. മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഉപജാപക വൃന്ദത്തിന്റെയും മടിയില്‍ കനമുള്ളത്‌ കൊണ്ടാണ്‌ സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്‌തെങ്കിലും സി.ബി.ഐ അന്വേഷണം മുന്നോട്ട്‌ പോയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച്‌ നല്ലത്‌ പോലെ അറിയാവുന്ന വ്യക്തിയാണ്‌ അദ്ദേഹം. ഭൂതകാല ഓര്‍മകളുടെ വെളിച്ചത്തിലാണ്‌ അദ്ദേഹം സിബി.ഐയെ തടയിടാന്‍ ശ്രമിക്കുന്നത്‌.ആജ്ഞാനുവര്‍ത്തികളായ വിജിലന്‍സ്‌ ഉദ്യോഗസ്ഥരെയാണ്‌ ലൈഫ്‌ മിഷന്‍ കേസ്‌ അട്ടിമറിക്കാന്‍ അദ്ദേഹം നിയോഗിച്ചത്‌.മറ്റു കേസുകളില്‍ കാണിക്കാത്ത ജാഗ്രതയും അതിവേഗത്തിലുള്ള നടപടി ക്രമങ്ങളുമാണ്‌ വിജിലന്‍സ്‌ ഈ കേസ്‌ അന്വേഷണത്തില്‍ കാട്ടുന്നത്‌. ഇത്‌ സംശയാസ്‌പദമാണ്‌.എഫ്‌.സി.ആര്‍.എ ലംഘനം നടന്നില്ലെന്ന്‌ അസന്നിന്ധമായി എങ്ങനെ പറയാന്‍ കഴിയുമെന്നും മുല്ലപ്പള്ളി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *