NEWS

ഹത്രാസിലെ പെണ്‍കുട്ടിക്കായി പോരാടാന്‍ അഡ്വക്കേറ്റ് സീമ കുശ്വാഹ വീണ്ടും

ട്ടുവര്‍ഷംമുമ്പ് ഡല്‍ഹിയില്‍ ബലാത്സംഗം ചെയ്യപ്പെട്ട നിര്‍ഭയയുടെ കേസില്‍ കുടുംബത്തിനുവേണ്ടിഹാജരായ അഡ്വ. സീമ കുശ്വാഹയെ ആരും തന്നെ മറന്നുകാണില്ല. 2012 ഡിസംബര്‍ 16ന് ലോകമനസാക്ഷിയെ ഞെട്ടിച്ച ആ കറുത്ത അധ്യായം. 16ന് രാത്രി പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് ആശുപത്രിക്കിടക്കയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു.

പിന്നീടിങ്ങോട്ട് ഏഴു വര്‍ഷ കാലത്തോളം വിചാരണ കോടതികളില്‍ നിര്‍ഭയയ്ക്കു വേണ്ടിയുള്ള ശബ്ദം ഉയര്‍ന്നു കേട്ടു. പ്രതികളെ തൂക്കിലേറ്റി ആത്യന്തിക നീതി അവര്‍ക്കു നേടിക്കൊടുക്കുന്നതു വരെ ഒരിക്കല്‍ പോലും പതറാതെ, തളരാതെ മകള്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് മറ്റൊരു മകളായി അവര്‍ക്കൊപ്പം നിന്നതു സീമ കുശ്വാഹയാണ്.

ഇപ്പോഴിതാ ആ അധ്യയങ്ങള്‍ അവസാനിക്കാത്ത സമൂഹത്തില്‍ വീണ്ടും നീതിയുടെ ശബ്ദമാകാന്‍ എത്തുകയാണ് അഡ്വ. സീമ. ഹത്രാസിലെ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കാനാണ് സീമ ഇന്ന് മുന്നിട്ടിറങ്ങുന്നത്.

‘എന്റെ പോരാട്ടം ഹത്രസിലെ മകള്‍ക്കു വേണ്ടിയാണ്, അവള്‍ക്കു നീതി ലഭ്യമാക്കാന്‍. അതുപോലെ സ്ത്രീ സുരക്ഷയില്‍ ശക്തമായ നിയമങ്ങള്‍ ഉരുത്തിരിയുന്നതിനും.’ സീമ പറഞ്ഞു.

നിര്‍ഭയയെ പോലെ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയായി ഒടുക്കം ആശുപത്രിക്കിടക്കയില്‍ ജീവന്‍ വെടിയേണ്ട അവസ്ഥായാണ് ഹത്രസിലെ പെണ്‍കുട്ടിക്കുമുണ്ടായത്. പിന്നീട് അര്‍ധരാത്രിയില്‍ സ്വന്തം അച്ഛന്‍രേയും അമ്മയുടേയും സമ്മതമില്ലാതെ പൊലീസ് വലയത്തില്‍ അവള്‍ എരിഞ്ഞടങ്ങി. ഈ നീതി നിഷേധം തന്നെയാണ് ഹത്രസിലേക്ക് അഡ്വക്കേറ്റ് സീമയെ എത്തിക്കുന്നത്. ഇന്നലെ അലഹബാദ് ഹൈക്കോടതിയിലെ പ്രത്യേക ലക്നൗ ബെഞ്ചിനു മുന്നില്‍ ഹത്രസിലെ കുടുംബത്തിനു വേണ്ടി സീമ വാദിച്ചു തുടങ്ങി. കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും സിബിഐ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും സീമ ആവശ്യപ്പെട്ടു. അതിനൊപ്പം പെണ്‍കുട്ടിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും സീമ വാദിച്ചു.

2012ല്‍ ഒരമ്മയുടെ കണ്ണീരിന്, പിന്തുണയുമായാണ് സീമ കോടതി മുറികളില്‍ വാദിച്ചതെങ്കില്‍ ഇന്ന് ഹത്രാസിലെ പെണ്‍കുട്ടിയെ സ്വന്തം മകളെപ്പോലെ കണ്ടും അധികാര വര്‍ഗത്തിന്റെ ധാര്‍ഷ്ട്യത്തില്‍ അമര്‍ന്ന് വീണ്ടും വീണ്ടും നീതി നിഷേധം നേരിടേണ്ടിവന്ന കുടുംബത്തിനു വേണ്ടി കൂടിയാണ്.

ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ ഉര്‍ഗപുരില്‍ ബാലാദിന്‍ കുശ്വാഹിന്റെയും റാംകുആര്‍നി കുശ്വാഹയുടെയും മകളായി 1982 ജനുവരി പത്തിനാണ് സീമ സമൃദ്ധി കുശ്വാഹയുടെ ജനനം. കാന്‍പുര്‍ സര്‍വകലാശാലയില്‍ നിന്ന് 2005 എല്‍എല്‍ബി ബിരുദം കരസ്ഥമാക്കി. ഉത്തര്‍പ്രദേശിലെ രാജര്‍ഷി ടന്‍ഡന്‍ വിദൂര സര്‍വകലാശാലയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തിലും ബിരുദം നേടിയിട്ടുണ്ട്. 2014 മുതല്‍ സുപ്രീം കോടതി അഭിഭാഷകയാണ്.

Back to top button
error: