LIFENEWS

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ മികച്ച മാതൃക: മുഖ്യമന്ത്രി

കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായതിന്‍റെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയില്‍ നിന്ന് 793.5 കോടി രൂപയാണ് ഇതിനായി വകയിരുത്തിയതെങ്കിലും 595 കോടി രൂപയ്ക്ക് പണി പൂര്‍ത്തിയാക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനായി. ക്ലാസ് മുറികളുടെ തറയും സീലിങും നിര്‍മാണവും വൈദ്യുതീകരണവുമെല്ലാം വലിയ തോതിലുള്ള പ്രാദേശിക ഇടപെടലോടെയാണ് പൂര്‍ത്തിയാക്കിയത്. 135.5 കോടി രൂപയാണ് നാടിന്‍റെ വകയായി പദ്ധതിയില്‍ ചെലവഴിച്ചത്. ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ തുടങ്ങി വിദ്യാഭ്യാസ തത്പരരായ മുഴുവന്‍ ജനങ്ങളും സഹകരിച്ചു. ഈ പദ്ധതിയുടെ ഭാഗമാവുകയും സഹകരിക്കുകയും ചെയ്ത എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

പൊതുസംവിധാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്ന കാഴ്ചയാണ് ലോകമാകെയുള്ളത്. അത്തരം ഘട്ടത്തിലാണ് കേരള സര്‍ക്കാര്‍ ഇടപെട്ട് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സാധ്യമാക്കിയിരിക്കുന്നത്. ഇത് ലോകത്തിന്‍റെ ഭാവിയെ കരുതിയുള്ള ചുവടുവയ്പ്പാണ്. ഇതിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. സ്കൂളുകളുടെ ഭൗതിക സാഹചര്യത്തില്‍ മാത്രമല്ല, അക്കാഡമിക് തലത്തിലും വലിയ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ലോകത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങളോടു കിടപിടിക്കും വിധം നമ്മുടെ ഗ്രാമങ്ങളിലെ വിദ്യാലയങ്ങള്‍ മാറിക്കഴിഞ്ഞു. നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ക്കാണ് ഇതിന്‍റെ ഗുണം. ഇത് നാടിന്‍റെ നേട്ടമാണെന്നും ഭാവിതലമുറയ്ക്ക് ഏറ്റവും ഗുണം ഉണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു ലക്ഷം ലാപ്ടോപ്പുകളാണ് പദ്ധതിയുടെ ഭാഗമായി കൈറ്റ് വിതരണം ചെയ്തത്. ഇതില്‍ പൂര്‍ണമായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചതിലൂടെ 3000 കോടി രൂപയുടെ ലാഭമാണുണ്ടായത്. ഇത് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഇപ്പോള്‍ കൈവരിച്ചിരിക്കുന്ന മികവ് നില്‍നിര്‍ത്താനാവണം. ഇതിന് മുന്‍കൈ എടുക്കേണ്ടത് അധ്യാപക സമൂഹമാണ്. നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മികച്ച വിദ്യാഭ്യാസം നല്‍കാന്‍ അധ്യാപകര്‍ക്ക് കഴിയണം. ഇതിന് പരമ്പരാഗത ബോധന രീതിയില്‍ മാറ്റം വേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ക്ക് നവസാങ്കേതികാധിഷ്ഠിത ബോധനം നല്‍കാനാവണം.

നിലവില്‍ മികച്ച രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നു. എന്നാല്‍ ക്ലാസ് മുറികളിലെ പഠനത്തിന് ബദലല്ല ഓണ്‍ലൈന്‍ പഠനം. സാഹചര്യം അനുകൂലമാകുന്ന വേളയില്‍ ക്ലാസ് മുറി പഠനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളോടുള്ള കാഴ്ചപ്പാട് മാറിയിട്ടുണ്ട്. നേരത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ ശോഷിക്കുന്ന സ്ഥിതിയായിരുന്നു. വലിയ ആശങ്ക നിലനില്‍ക്കുന്ന അവസരത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഇതിനെത്തുടര്‍ന്നാണ് അഞ്ചു ലക്ഷം കുട്ടികള്‍ പുതിയതായി പൊതുവിദ്യാലയങ്ങളിലെത്തിയതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, ഡോ. ടി.എം. തോമസ് ഐസക്ക്, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, കെ.കെ. ശൈലജ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button