NEWS

വിജിലന്‍സ്‌ അന്വേഷണം സി.ബി.ഐക്ക്‌ തടയിടാന്‍: മുല്ലപ്പള്ളി

സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണോ വിജിലന്‍സ്‌ അന്വേഷണം ത്വരിതഗതിയിലാക്കിയതെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.

സി.ബി.ഐ ഈ കേസ്‌ അന്വേഷിച്ചാല്‍ സത്യങ്ങള്‍ ഓരോന്നായി പുറത്തു വരുമെന്ന്‌ മുഖ്യമന്ത്രി ഭയപ്പെടുന്നു. ലൈഫ്‌ മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട്‌ സ്വപ്‌നയും സംഘവും മൂന്നര കോടിയില്‍ അധികം തുക കമ്മീഷനായി കൈപ്പറ്റിയെന്നും കള്ളപ്പണക്കാരുടെ സഹായത്തോടെ പണം സ്വീകരിച്ചു എന്നുമുള്ള സി.ബി.ഐയുടെ ഹൈക്കോടതിയിലെ വെളിപ്പെടുത്തല്‍ ഗുരുതര സ്വഭാവമുള്ളതാണ്‌. കമ്മീഷന്‍ ഇടപാട്‌ സ്ഥീരികരിച്ചത്‌ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും ധനമന്ത്രിയുമാണ്‌.

സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ കേരള സര്‍ക്കാര്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിറക്കിയത്‌.കൂടാതെ ലൈഫ്‌ മിഷന്‍ ഇടപാടിലെ സുപ്രധാന രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും അസമയത്തെത്തി വിജിലന്‍സ്‌ കടത്തിക്കൊണ്ടു പോകുകയും ചെയ്‌തിരുന്നു. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ വിജിലന്‍സ്‌ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ തെളിവുകള്‍ നശിപ്പിക്കാനും കേസ്‌ തേച്ചുമാച്ചു കളയാനുമുള്ള അന്വേഷണമാണ്‌ ഇപ്പോള്‍ നടക്കുന്നതെന്ന്‌ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാം.

ഫ്‌ളാറ്റുകളുടെ എണ്ണം കുറച്ചത്‌ കമ്മീഷന്‍ തട്ടാനാണെന്നും വന്‍ ഗുഢാലോചനയാണ്‌ സംഘം നടത്തിയതെന്നുമാണ്‌ സി.ബി.ഐ പറയുന്നത്‌. ഈ ഇടപാടുമായി ബന്ധപ്പെട്ട്‌ തുടക്കം മുതല്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്‌. ഉന്നതര്‍ ഇടപെട്ട അഴിമതിക്കേസാണിത്‌.മന്ത്രിമാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നേരിട്ട്‌ പങ്കുള്ള ഈ ഇടപാട്‌ എങ്ങനെയും അട്ടിമറിക്കാനാണ്‌ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന്‌ എതിര്‌ നില്‍ക്കുന്നത്‌.

ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ നിന്നും കണ്‍സള്‍ട്ടന്‍സി ആയിരുന്ന ഹാബിറ്റാറ്റിന്റെ പിന്‍മാറ്റം സംബന്ധിച്ചും ദുരൂഹതയുണ്ട്‌. ഹാബിറ്റാറ്റ്‌ ചെയര്‍മാന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അവരെ മന:പൂര്‍വ്വം ഒഴിവാക്കിയതായാണ്‌ വ്യക്തമാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച്‌ കൊന്ന കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്ന സമിതിയില്‍ അംഗമാക്കിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്‌. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച്‌ ലക്കുംലഗാനും ഇല്ലാതെ വാഹനം ഓടിച്ചതാണ്‌ കെ.എം.ബഷീറിന്റെ അപകട മരണത്തിന്‌ കാരണം. ഈ മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കുകയും സംഭവുമായി ബന്ധപ്പെട്ട്‌ പരസ്‌പര വിരുദ്ധമായ മൊഴി നല്‍കുകയും ചെയ്‌ത വ്യക്തിയാണ്‌ ശ്രീറാം. എന്നാല്‍ ഇൗ വിവാദ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചത്‌. കോവിഡിനെ മറയാക്കി ക്രിമിനല്‍ കേസില്‍ പ്രതിയായ ഇയാളെ സര്‍ക്കാര്‍ തിരിച്ചെടുത്തു. ആരോഗ്യവകുപ്പില്‍ ജോയന്റ്‌ സെക്രട്ടറിയായി നിയമിച്ച ഇദ്ദേഹത്തിന്‌ കോവിഡ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വാര്‍ റൂമിന്റെ ചുമതലയും സി.എഫ്‌.എല്‍.ടി.സികളുടെ ചുമതലയും നല്‍കിയിരുന്നു.ഇദ്ദേഹം ചുമതല ഏറ്റെടുത്ത ശേഷം ഏകോപനം കൃത്യമായി നടന്നില്ലെന്ന്‌ മാത്രമല്ല ശ്രീറാമിന്റെ പല നടപടികളും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരസ്യമായ അമര്‍ഷത്തിന്‌ കാരണമായെന്നും മുല്ലപ്പള്ളി പറഞ്ഞു.

സര്‍ക്കാരിനെതിരായ വാര്‍ത്തകളെ വ്യാജമെന്നു മുദ്ര കുത്തുന്നതിന്‌ വേണ്ടിയാണ്‌ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ഫാക്ട്‌ ചെക്‌ വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്‌. എതിര്‍ ശബ്ദങ്ങളെ അസഹിഷ്‌ണുതയോടെ നേരിടുന്ന സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ ശൈലിയുടെ ഭാഗമാണ്‌ ഫാക്ട്‌ ചെക്‌ വിഭാഗമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button