എസ്പിബിക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കാന്‍ ആവശ്യം ശക്തം

പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞിട്ട് ഒരാഴ്ചയാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ആരാധകരുള്‍പ്പെടെ കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുൾപ്പെടെയുള്ള നിരവധിപേരാണ് ഭാരതരത്ന നൽകണമെന്ന ആവശ്യം ഉന്നയിച്ച് എത്തിയത്. എസ്പിബി തങ്ങള്‍ക്ക് ഈശ്വരതുല്യനും ജീവിതത്തിന്റെ ഭാഗവും ആണെന്നും രാജ്യത്തെ ഈ പരമോന്നത അംഗീകാരത്തിന് അദ്ദേഹം തികച്ചും അര്‍ഹനാണെന്നും ആരാധകര്‍ പറയുന്നു.

വിവിധ സമൂഹമാധ്യമങ്ങളില്‍ ആവശ്യം ഉന്നയിച്ച് ഓണ്‍ലൈന്‍ ക്യാംപെയിനുകളും സജീവമാണ്.
അതേസമയം, ആന്ധ്രാ മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡി ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് ശ്രദ്ധേയമായിരുന്നു. ‘ലത മങ്കേഷ്‌കര്‍, ഭൂപന്‍ ഹസാരിക, എം.എസ്. സുബ്ബലക്ഷ്മി, ബിസ്മില്ല ഖാന്‍ എന്നീ സംഗീതജ്ഞരെ രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചു. ഇതിഹാസ ഗായകന് സംഗീതരംഗത്ത് മാത്രമല്ല, കലാരംഗത്തൊട്ടാകെയുള്ള സമഗ്ര സംഭാവനകളുടെ അടിസ്ഥാനത്തില്‍ ഭാരതരത്‌ന നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നില നിന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സൃഷ്ടിയുടെ ഏറ്റവും ഉയര്‍ന്ന അംഗീകാരമാണിത്’. ജഗമോഹന്‍ കത്തില്‍ എഴുതി.

അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണച്ച് കമല്‍ ഹാസനും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *