എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം പോസ്റ്ററുകള്‍

കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് കേരള കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍.

ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് എത്തിയാല്‍ മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകില്ലെന്ന് സി.പി.ഐയെ ബോധ്യപ്പെടുത്തിയും പാലായില്‍ എന്‍.സി.പിയെ അനുനയിപ്പിച്ചും കാര്യങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇടുക്കി,കഞ്ഞിക്കുഴി വില്ലേജുകളിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

ഇടുക്കി,കഞ്ഞിക്കുഴി വില്ലേജുകളിലെ പട്ടയം യാഥാര്‍ഥ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച സര്‍ക്കാരിനേയും ഇതിനായി പരിശ്രമിച്ച റോഷി അഗസ്റ്റിന്‍ എം.എല്‍.എയേയും അഭിനന്ദിച്ച് യൂത്ത് ഫ്രണ്ട്(എം) ജോസ് വിഭാഗം ജില്ല കമ്മിറ്റി കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രചാരണവും ആരംഭിച്ചിരിക്കുന്നത്. മുന്നണി നീക്കം നടക്കുന്നതിനിടെ സംസ്ഥാനത്ത് ആദ്യമായാണ് എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ഇടുക്കിയില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

പോസ്റ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി എന്നിവര്‍ക്കൊപ്പം റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ ചിത്രവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *