ജോസ് കെ മാണി യോടൊപ്പമുള്ള എംഎല്‍എമാർ അയോഗ്യരാക്കപ്പെടുമോ…? പിജെ ജോസഫ് രണ്ടും കല്പിച്ച് മുന്നോട്ട്…

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻ്റെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് ഇരു വിഭാഗങ്ങള്‍ക്കിടയിലും ഏകദേശ ധാരണയായിരിക്കുകയാണ്. പ്രവേശനം സബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാനം മാത്രമാണ് ഇനി വരാനിരിക്കാനുള്ളത്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലുള്ള സീറ്റ് വീതംവെപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളും ഇരുവിഭാഗത്തിനിടയിലും അനൗദ്യോഗികമായി പുരോഗമിക്കുകയാണ്.

കേരള കോണ്‍ഗ്രസ് എന്ന പേരും ചിഹ്നമായ രണ്ടിലയും ജോസ് കെ. മാണിക്ക് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ, പിജെ ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.

കമ്മീഷന്‍ നടപടി ഒരു മാസത്തേക്ക് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ നിയമവിരുദ്ധമായാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് എന്നു ചൂണ്ടിക്കാണിച്ച് പി.ജെ ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിനായിരുന്നു ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അതേസമയം, ജോസിനെതിരെ മറ്റൊരു നീക്കവും പിജെ ജോസഫ് ശക്തമാക്കുന്നുണ്ട്. ജോസ് കെ മാണി പക്ഷത്തെ എംഎല്‍എമര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പിജെ ജോസഫ് രംഗത്തെത്തി.

അവിശ്വാസ പ്രമേയ ചര്‍ച്ചയിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും മോന്‍സ് ജോസഫ് നല്‍കിയ വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ ജോസ് വിഭാഗം എം.എല്‍.എമാര്‍ക്കെതിരെ പിജെ ജോസഫ് കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളി എം.എല്‍.എ എന്‍. ജയരാജ് എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫിന്‍റെ പരാതി. എന്നാല്‍ അച്ചടക്ക് നടപടി എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടില്ല. ഇരുവര്‍ക്കുമെതിരെ എന്ത് നടപടി എടുക്കണമെന്ന് സ്പീക്കറെ പിന്നീട് അറിയിക്കുമെന്നാണ് പി.ജെ ജോസഫ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *