ഇന്ന് മുതൽ സംസ്ഥാനത്ത് നിരോധനാജ്ഞ

സംസ്ഥാനത്തെ 13 ജില്ലകളിൽ കൊവിഡ് വ്യാപനം പരിഗണിച്ച് ഇന്ന് മുതൽ ഈ മാസം 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർഗോഡ് ഈ മാസം 9 വരെയാണ് നിരോധനാജ്ഞ.

കടകൾക്കും ബാങ്കുകൾക്കും മുന്നിൽ അഞ്ച് പേരിലധികം പേർ കൂട്ടം കൂടാൻ പാടില്ല. ആരാധനാലയങ്ങളിലും പൊതുചടങ്ങുകളിലും 20 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്.

വിവിധ ജില്ലകളിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അതാത് കലക്ടർമാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുതെന്ന നിർദ്ദേശം എല്ലായിടത്തും ബാധകമാണ്. സർക്കാർ ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ പ്രാർത്ഥനകൾ, രാഷ്ട്രീയ-സാമൂഹ്യ പരിപാടികൾ എന്നിവയിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ. തിരുവനന്തപുരത്ത് കണ്ടെയിൻമെൻറ് സോണിലും പുറത്തും വ്യത്യസ്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കണ്ടെയിൻമെൻ്റ് സോണിലെ വിവാഹം-മരണം എന്നീ ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് അനുമതി.

കണ്ടെയിൻമെൻ്റ് സോണിന് പുറത്ത് വിവാഹ ചടങ്ങിൽ 50 പേർവരെയാകാം. മറ്റ് ജില്ലകളിൽ വിവാഹചടങ്ങുകളിൽ 50 പേരും മരണാനന്തരചടങ്ങിൽ 20 പേരും എന്നതാണ് നിർദ്ദേശം. പി.എസ്. സി അടക്കമുള്ള പരീക്ഷകൾക്ക് മാറ്റമില്ല. പൊതുഗതാഗതത്തിന് തടസ്സമില്ല. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ബാങ്കുകൾ ഹോട്ടലുകൾ എന്നിവയെല്ലാം കൊവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് പ്രവർത്തിക്കും. നിരോധനാജ്ഞ അല്ലാതെ സമ്പൂർണ്ണ അടച്ചിടൽ എവിടെയും ഇല്ല. ഈ മാസം15 മുതൽ കേന്ദ്രത്തിൻ്റെ പുതിയ അൺലോക്ക് ഇളവുകൾ നിലവിൽ വരുമെങ്കിലും സ്കൂൾ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ കേരളം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.ഈ മാസം 15ന് മുമ്പ് സ്ഥിതിഗതികൾ ഒന്നുകൂടി വിലയിരുത്തി തുടർനടപടികളെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *