പ്രതിഷേധക്കടലായി ജന്തർ മന്തർ ,ഡൽഹിയിൽ നിർഭയ മോഡൽ പ്രതിഷേധം

ഹത്രാസിലെ മൃഗീയ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് പേർ ഡൽഹി ജന്തർ മന്തറിൽ തടിച്ചു കൂടി .ഭീം ആർമിയും ആം ആദ്മിയും ഇടതു പാർട്ടികളും പ്രതിഷേധത്തിന്റെ ഭാഗമായി .

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ,സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ,സിപിഐ നേതാവ് ഡി രാജ തുടങ്ങിയവർ പ്രതിഷധത്തിൽ പങ്കെടുത്തു .”നീതി നടപ്പാവണം .ഉത്തർ പ്രദേശ് സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ല .”യെച്ചൂരി പറഞ്ഞു .

“ഞാൻ ഹത്രാസ് സന്ദർശിക്കും .ഉത്തർ പ്രദേശ് മുഖ്യമന്ത്രി രാജിവെക്കും വരും പ്രക്ഷോഭം തുടരും .സുപ്രീം കോടതി വിഷയത്തിൽ ഇടപെടണം .”ചന്ദ്രശേഖർ ആസാദ് പറഞ്ഞു .

നേരത്തെ വാല്മീകി ടെംപിളിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു .പെൺകുട്ടിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രണ്ടു മിനുട്ട് മൗനാചരണവും നടന്നു .

“ഇന്ത്യയിലെ ഓരോ ആണും പെണ്ണും ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തോട് ചെയ്ത അനീതിക്കെതിരെ പ്രതികരിക്കണം .പെൺകുട്ടിയോടും കുടുംബത്തോടും ഉത്തർപ്രദേശ് സർക്കാർ നീതി കാണിച്ചില്ല .”വാല്മീകി ടെംപിളിൽ തടിച്ചു കൂടിയവരെ അഭിസംബോധന ചെയ്ത് പ്രിയങ്കാഗാന്ധി പറഞ്ഞു .

“അവളുടെ കുടുംബം ഇപ്പോൾ ഒറ്റയ്ക്ക് അതിന്റെ വേദന അനുഭവിക്കുന്നുണ്ടാകും .വാല്മീകി സമുദായം ഒരു പ്രാർത്ഥന യജ്‌ഞം നടത്തുന്നുണ്ട് എന്നറിഞ്ഞ ഞാൻ അത് കൊണ്ടാണ് ഇവിടെ വന്നത് .അവളുടെ കുടുംബവും വാല്മീകി സമുദായവും അനാഥരല്ല .”പ്രിയങ്ക വ്യക്തമാക്കി .

“ശബ്ദമുയർത്താൻ ഞാൻ നിങ്ങളോട് ആഹ്വാനം ചെയ്യുകയാണ് .ഓരോ സ്ത്രീയും സർക്കാരിൽ സമ്മർദ്ദം ചെലുത്തണം .മാധ്യമങ്ങളും സർക്കാരിൽ സമ്മർദ്ദം ചെലുത്തണം .രാഷ്ട്രീയ സമ്മർദ്ദം ഞങ്ങൾ ചെലുത്തും .സ്വന്തം അച്ഛനെയോ സഹോദരനെയോ വീട്ടിലെ പെൺകുട്ടിയുടെ സംസ്കാരത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ല എന്ന് പറയുന്നത് എത്ര നികൃഷ്ടമാണ് .”പ്രിയങ്ക കൂട്ടിച്ചേർത്തു .

Leave a Reply

Your email address will not be published. Required fields are marked *