LIFENEWS

ഇനി ഗുജറാത്തല്ല ഉത്തർ പ്രദേശാണ് ഹിന്ദുത്വത്തിന്റെ പരീക്ഷണശാല ,ആദിത്യനാഥ് ആണ് ഭാവിപുരുഷൻ

ഉത്തർ പ്രദേശിലെ ഹത്രാസിൽ ഒരു ദളിത് പെൺകുട്ടി ക്രൂരമായ ബലാത്‌സംഗത്തിനിരയായി കൊല്ലപ്പെട്ടു . താക്കൂർ സമുദായത്തിൽ പെട്ട നാലുപേരാണ് ഈ ക്രൂരകൃത്യം ചെയ്തത് .ഡൽഹിയിലെ ആശുപത്രിയിൽ മരണപ്പെട്ട പെൺകുട്ടിയെ കുടുംബത്തിലെ അംഗങ്ങളുടെ പോലും സമ്മതമില്ലാതെ പോലീസ് രാത്രിയുടെ മറവിൽ സംസ്കരിക്കുകയും ചെയ്തു .

രണ്ടു കാര്യങ്ങൾ ഈ സംഭവം ചൂണ്ടിക്കാട്ടുന്നു .അതിലൊന്ന് സവർണ അധികാരത്തിന്റെ പ്രതിഫലനമാണ് ,മറ്റൊന്ന് പോലീസിനെ കയറൂരി വിട്ടാൽ എന്ത് സംഭവിക്കുമെന്നും .

അതേസമയം യോഗി ആദിത്യനാഥ് മറ്റൊരു പ്രവർത്തനത്തിലാണ് .അതിൽ പ്രധാനം മുസ്ലീങ്ങളെ ഉന്നം വയ്ക്കുക എന്നത് തന്നെ .ഡോ .കഫീൽ ഖാൻ ജയിലിൽ അടക്കപ്പെട്ടു .പൗരത്വ നിയമ പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ സ്വത്തുവകകൾ കണ്ടുകെട്ടി .നഗരങ്ങളുടെയും സ്മാരകങ്ങളുടെയും പേരുകൾ മാറ്റി .

ഇപ്പോൾ ഉത്തർപ്രദേശിനെ ഒരു വ്യവസായ സൗഹൃദ സംസ്ഥാനം ആക്കുക ആണ് യോഗിയുടെ ലക്‌ഷ്യം .എന്തുകൊണ്ട് ആയിക്കൂടാ ?വലിയ മാധ്യമസ്ഥാപനങ്ങൾ നടത്തുന്ന കണക്കെടുപ്പിൽ യോഗി രാജ്യത്തെ മികച്ച മുഖ്യമന്ത്രിയാണ് .ഇനി പ്രധാനമന്ത്രി ആയാലും കൊള്ളാം എന്നാണ് .

ഉത്തർപ്രദേശിൽ രാമക്ഷേത്രം ഉയരുന്നു .കേസിൽ പെട്ട ബിജെപി നേതാക്കൾ എല്ലാം കുറ്റവിമുക്തരായി .അടുത്തത് കാശി ,പിന്നെ മഥുര അങ്ങിനെ അങ്ങിനെ അങ്ങിനെ .

ഇനി ഗുജറാത്ത് മോഡൽ എങ്ങനെ ഉണ്ടായി എന്ന് നോക്കാം .രാജ്യത്തെ നടുക്കിയ ഗുജറാത്ത് കലാപം .കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലീങ്ങൾ .ചില രാജ്യങ്ങൾ അന്ന് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോഡിയ്ക്ക് വിസ വരെ നിഷേധിച്ചു .ദീപക് പരേഖിനെ പോലുള്ള ബാങ്കർമാർ രാജ്യം നാണം കെട്ടു എന്ന് പറഞ്ഞു .

എന്നാൽ അധിക കാലം വേണ്ടി വന്നില്ല ഇതൊക്കെ മാറാൻ .വിസ നിരോധിച്ച രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികൾ ഗുജറാത്തിൽ എത്തി വ്യവസായം തുടങ്ങി .രാജ്യത്തിനകത്തുള്ള വ്യവസായികൾ മോദിയെ പുകഴ്‌ത്താൻ തുടങ്ങി .”വിശാല വീക്ഷണം ഉള്ള നേതാവ് “മുകേഷ് അംബാനി വിശേഷിപ്പിച്ചു .”മഹാത്മാ ഗാന്ധിയെ പോലെയും സർദാർ വല്ലഭായ് പട്ടേലിനെയും പോലെ ഒരാൾ “അനിൽ അംബാനി വിളിച്ചു പറഞ്ഞു .

ബാക്കിയെല്ലാം ചരിത്രം .വിമർശന നാവുകൾ കൊണ്ട് വരിഞ്ഞു മുറുക്കിയവർ പിന്നീട് കീർത്തനം പാടി .മാധ്യമങ്ങൾ മോദിയെ വാഴ്ത്തി .അഴിമതി നിറഞ്ഞ ഒരു സർക്കാരിനെ താഴെയിറക്കാൻ വന്ന മിശിഹാ ആയി വാഴ്ത്തപ്പെട്ടു .മോഡി വന്നാൽ ഇന്ത്യ ലോകത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്നു പറഞ്ഞു .ഇന്ത്യ വൻ ശക്തിയാകുമെന്നും പറഞ്ഞു .

മോഡി വന്നു .ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എന്താണെന്ന വർത്തമാനകാല യാഥാർഥ്യം ഏവർക്കുമറിയാം .ഹൈന്ദവതയെ വാരിപ്പുണരാൻ ഇന്ത്യൻ മധ്യവർഗത്തിനു ഒരു മുഖം വേണമായിരുന്നു .ആ മുഖമായി മോഡി മാറി .കേന്ദ്രത്തിൽ കർഷകരെയും ന്യൂനപക്ഷങ്ങളെയും ബാധിക്കുന്ന നിയമങ്ങൾ ഉണ്ടാകുന്നു .കോർപറേറ്റുകൾക്ക് മികച്ച സഹായം ലഭിക്കുന്നു .

ആദിത്യ നാഥ് ഒരു പടികൂടി മുന്നിലാണ് .യുപി മോഡലിന് പ്രതിപക്ഷം എന്നൊന്നില്ല .ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം പഴയ കഥ .അദ്ദേഹത്തിന് ഒരു ലക്ഷ്യമുണ്ട് ,അത് ആദിത്യനാഥ് കൈവരിക്കും .മോഡി സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഇമേജിന്റെ തടവുകാരൻ ആണ് .എന്നാൽ ആദിത്യനാഥിനു അങ്ങിനെ ഒരു ചിന്തയെ ഇല്ല .അതുകൊണ്ടു തന്നെ സംഘപരിവാർ രാഷ്ട്രീയത്തിലെ ഭാവി പുരുഷൻ യോഗി .ആദിത്യനാഥ് ആണ് .

Back to top button
error: