NEWS

രാഹുലിന് നേരെയുള്ള കയ്യേറ്റം: കാടത്തം, ജനാധിപത്യ വിരുദ്ധം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഹത്രാസില്‍ പീഡനത്തിനിരയായി മരണമടഞ്ഞ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന രാഹുല്‍ഗാന്ധിയെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത യു.പി പൊലീസിന്റെ നടപടി കാടത്തവും ജനവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഹത്രാസിലെ പെണ്‍കുട്ടി ഇന്ത്യയുടെ നൊമ്പരമായി മാറിയിരിക്കുകയാണ്. ആ കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ തയ്യാറായ രാഹുല്‍ഗാന്ധിയപ്പോലുള്ള ഒരു ദേശീയ നേതാവിനെപ്പോലും  കയ്യേറ്റം ചെയ്യാനും തള്ളിയിടാനും പൊലീസ് തയ്യാറായത് എന്തും ചെയ്യാന്‍ ബി.ജെ.പി സര്‍ക്കാരിന് മടിയില്ല എന്നതിന് തെളിവാണ്.

Signature-ad

എല്ലാ മര്യാദയും ലംഘിക്കുകയാണ് യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍. നീചമായ ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ മൃതശരീരത്തിനോട് പോലും കാടത്തം കാട്ടി, ബലം പ്രയോഗിച്ച് ദഹിപ്പിച്ച പൊലീസാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും അങ്ങോട്ട് ചെല്ലാതിരിക്കാന്‍ ബല പ്രയോഗം നടത്തിയത്.

രാജ്യത്തിന്റെ ചരിത്രത്തിലൊരിക്കലും ദേശീയ നേതാക്കളെ കയ്യേറ്റം ചെയ്യാനുള്ള ധൈര്യം പൊലീസിനുണ്ടായിട്ടില്ല. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിലെ അധ്യായത്തിലെ കറുത്ത പാടായി അവശേഷിക്കും.  

ദുര്‍ബല വിഭാഗങ്ങള്‍ക്കും ദളിതര്‍ക്കും ഒരു സുരക്ഷയുമില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ദേശീയ തലത്തില്‍ ഈ കാടത്തത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

Back to top button
error: