ഹത്രാസിലേക്ക് പോയ പ്രിയങ്കയേയും രാഹുലിനേയും തടഞ്ഞ് പോലീസുകാര്‍, ഒടുവില്‍ കാല്‍നടയായി

ത്തര്‍പ്രദേശിലെ ഹത്രാസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പോലീസ് തടഞ്ഞു. തുടര്‍ന്ന് ഇരുവരും കാല്‍നടയായി പോകാന്‍ തീരുമാനിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സംസ്‌കരിച്ചതിനെതിരെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് രാഹുലിന്റെയും പ്രിയങ്കയുടേയും ഈ സന്ദര്‍ശനം.

ഹത്രാസില്‍ നിന്ന് 142 കിലോമീറ്റര്‍ അകലെ ഗ്രേറ്റര്‍ നോയിഡയില്‍ വെച്ചാണ് ഇവരുടെ വാഹനം പോലീസ് തടഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തുന്ന മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞിരുന്നു. വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ റോഡുകളും അടച്ചു. മാത്രമല്ല പുറത്തുനിന്ന് ആര്‍ക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയിലാണ് പോലീസിന്റെ നിലപാട്.

സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശക്തമായി പ്രതികരിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെയ്ക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചത്. തുടര്‍ന്ന് ബന്ധുക്കളുടെ എതിര്‍പ്പ് വകവെയ്ക്കാതെ പുലര്‍ച്ചെ 2.45 ഓടെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

മൃതദേഹം എത്രയും വേഗം സംസ്‌കരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൃതദേഹം ധൃതിയില്‍ സംസ്‌കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നും കുടുംബാംഗങ്ങള്‍ നിലപാടെടുത്തതോടെയാണ് മൃതദേഹം പോലീസ് തന്നെ സംസ്‌കരിച്ചത്. ഹിന്ദുമത ആചാരക്രമം പാലിക്കുമെന്നും മൃതദേഹം രാത്രിയില്‍ സംസ്‌കരിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു.പി. പോലീസ് അത് അനുവദിച്ചില്ല. മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും മനുഷ്യമതില്‍ തീര്‍ത്ത് പോലീസ് മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്തുനിന്ന് അകറ്റി നിര്‍ത്തി മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

ഈമാസം 14നായിരുന്നു ദാരുണമായ സംഭവം. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പത്തൊന്‍പതുകാരിയെ നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം നാക്ക് മുറിച്ചെടുക്കുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍ ഉണ്ടെന്നും പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ കേസില്‍ പൊലീസിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. വിവരം അറിയിച്ചിട്ടും ഇടപെടാന്‍ വൈകിയെന്നായിരുന്നു കുടുംബത്തിന്റെ പരാതി. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചിരുന്നു.

കൃഷിയിടത്തില്‍ പുല്ലുപറിക്കാന്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പോയ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. വീട്ടുകാര്‍ ചുറ്റുമില്ലാതിരുന്ന സമയത്ത് ധരിച്ചിരുന്ന ചുരിദാറിന്റെ ഷോള്‍ കുരുക്കി വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് അമ്മ ബോധരഹിതയായ രീതിയില്‍ മകളെ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *