NEWS

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; കേസിലെ ഹര്‍ജി തളളി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി തളളി.

കൊവിഡ് സാഹചര്യത്തില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന ബിഷപ്പിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കേസില്‍ ഈ മാസം 5ന് വിചാരണ നടപടികള്‍ തുടരാം എന്ന് കോടതി നിര്‍ദ്ദേശിച്ചു. വിചാരണ രണ്ടു മാസത്തേക്ക് നിര്‍ത്തി വയ്ക്കണം എന്നായിരുന്നു ഫ്രാങ്കോയുടെ ആവശ്യം. വിചാരണ നീട്ടുന്നത് സാക്ഷികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

Signature-ad

സെപ്റ്റംബര്‍ 16നാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ബലാത്സംഗക്കേസില്‍ വിചാരണ തുടങ്ങിയത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളുണ്ട്.

ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂണ്‍ 27നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതത്.

Back to top button
error: