അഴിമതി മൂടിവയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് തുടക്കത്തിലേ ഏറ്റ തിരിച്ചടി: രമേശ് ചെന്നിത്തല , ഇനിയെങ്കിലും കേസ് പിന്‍വലിച്ച് അന്വേഷണവുമായി സി.ബി.ഐയോട് സഹകരിക്കണം

തിരുവനന്തപുരം: അഴിമതി മൂടിവയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ ഏറ്റ തിരിച്ചടിയാണ് വടക്കാഞ്ചേരി ലൈഫ്മിഷന്‍ കേസില്‍ കോടതിയില്‍ നിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സി.ബി.ഐയ്ക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ തുടക്കത്തില്‍ തന്നെ സി.ബി.ഐ യെ ഓടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് പൊളിഞ്ഞത്. ഇതില്‍ നിന്ന് പാഠം പഠിച്ചാല്‍ സര്‍ക്കാരിന് നല്ലത്. ഇനിയെങ്കിലും കേസ് പിന്‍വലിച്ച് അന്വേഷണവുമായി സി.ബി.ഐയോട് സഹകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അഴിമതി മൂടിവയ്കകാന്‍ പുറത്തു നിന്ന് അഭിഭാഷകരെ കൊണ്ടു വന്ന് ഖജനാവില്‍ നിന്ന് വന്‍തുക ചെലവഴിക്കുന്നതും അഴിമതിയാണ്.

ഈ കോവിഡ് കാലത്ത് സാമ്പത്തികമായി സംസ്ഥാനം ബുദ്ധിമുട്ടുമ്പോള്‍ പൊതു പണം അഴിമതിക്കാരെ രക്ഷിക്കാന്‍ വേണ്ടി വാരിക്കോരി ചിലവിടുന്നതിന് എന്തു ന്യായീകരണമാണുള്ളത്?  സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്നാണല്ലോ പറയുന്നത്. അപ്പോള്‍ സി.ബി.ഐയെ തടയാന്‍ ഹര്‍ജി നല്‍കിയത് അഴിമതിക്കാര്‍ക്കും സ്വകാര്യ കമ്പനിക്കാര്‍ക്കും വേണ്ടിയാണോ? അഴിമതി അന്വേഷിക്കുന്നതില്‍ സര്‍ക്കാര്‍ എന്തിനാണ് ഇത്രയേറെ ഭയപ്പെടുന്നത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *