കുരുക്ക് മുറുകുന്നു ,സ്വർണക്കടത്തിൽ കാരാട്ട് ഫൈസൽ ബുദ്ധികേന്ദ്രമെന്ന് കസ്റ്റംസ് വൃത്തങ്ങൾ
സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിൽ ഉള്ള കാരാട്ട് ഫൈസൽ സ്വർണക്കടത്തിന് ബുദ്ധികേന്ദ്രമെന്നു കസ്റ്റംസ് വൃത്തങ്ങൾ .സ്വര്ണക്കടത്തിൽ ഇയാൾക്ക് വൻ നിക്ഷേപം ഉള്ളതായാണ് സൂചന .കാരാട്ട് റസാഖ് എംഎൽഎയുടെ ബന്ധുവാണ് കൗൺസിലർ കൂടിയായ കാരാട്ട് ഫൈസൽ .
സംസ്ഥാനത്ത് സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പറഞ്ഞു കേൾക്കുന്ന പേരാണ് കൊടുവള്ളി .കൊടുവള്ളിയിലാണ് കാരാട്ട് ഫൈസലിന്റെ വീട് .30 കിലോഗ്രാം സ്വർണമാണ് നിലവിൽ ഉള്ള കേസിന്റെ ആധാരം .എന്നാൽ 400 കിലോഗ്രാം സ്വർണം നയതന്ത്ര ചാനലുകൾ വഴി കടത്തി എന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന .ഇതിൽ എല്ലാം കാരാട്ട് ഫൈസലിന് നിക്ഷേപം ഉള്ളതായാണ് സൂചന .
നേരത്തെയും കാരാട്ട് ഫൈസൽ സ്വർണക്കടത്ത് കേസിൽ കുരുങ്ങിയിട്ടുണ്ട് .ഇന്ന് രാവിലെയാണ് കസ്റ്റംസ് കൊടുവള്ളിയിലെ വീട്ടിലെത്തി കാരാട്ട് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത് .ഒപ്പം ഫൈസലിന്റെ വീട്ടിൽ റെയ്‌ഡും നടത്തി .ചില രേഖകൾ പിടിച്ചെടുത്തതായാണ് സൂചന .
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കാരാട്ട് ഫൈസലിനെ ഡിആർഐ പ്രതി ചേർത്തിരുന്നു .കേസിൽ ഏഴാമൻ ആയിരുന്നു ഫൈസൽ .2013 നവംബർ എട്ടിനായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ആറ് കിലോഗ്രാം സ്വർണം പിടികൂടുന്നത് .പിടികൂടപ്പെട്ട പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കാരാട്ട് ഫൈസലിന്റെ പേര് പുറത്ത് വരുന്നത് .2014 മാർച്ച് 27 നു ഡിആർഐ ഫൈസലിനെ പിടികൂടി .നേരത്തെ ലീഗ് പ്രവർത്തകൻ ആയിരുന്നു ഫൈസൽ .നിലവിൽ ഇടതു പിന്തുണയോടെ മത്സരിച്ച് ജയിച്ച കാരാട്ട് ഫൈസൽ കൊടുവള്ളി നഗരസഭാ അംഗമാണ് .