നടിയെ ആക്രമിച്ച കേസ്‌; മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ ദൃശ്യങ്ങള്‍, ഫോണ്‍ രേഖ എന്നിവയാണ് വിചാരണ കോടതിയില്‍ ഹാജരാക്കുക.

അതേസമയം, ഭീഷണിപ്പെടുത്തിയവരുടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് പൊലീസ് ആവശ്യപ്പെടും. നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയെന്ന മാപ്പുസാക്ഷിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് എതിരെ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയും പോലീസിന് നല്‍കിയ മൊഴിയും വിചാരണ കോടതിയില്‍ തിരുത്തി പറയണമെന്നാവശ്യപ്പെട്ടാണ് കാസര്‍കോട് സ്വദേശിയും നിയമ വിദ്യാര്‍ത്ഥിയുമായി വിപിന്‍ ലാലിന് നേരെ നേരിട്ടും ഫോണിലൂടെയും കത്തിലൂടെയും ഭീഷണിപ്പെടുത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് ക്വട്ടേഷന്‍ പണം ആവശ്യപ്പെട്ട് ദിലീപിന് അയച്ച കത്ത് എഴുതിയത് വിപിന്‍ ലാല്‍ ആയിരുന്നു. ഈ കത്ത് പുറത്ത് വന്നതോടെയാണ് ഗൂഡാലോചനയില്‍ ദിലീപിന് എതിരായ അന്വേഷണം തുടങ്ങുന്നത്. ആദ്യ ഘട്ട അന്വേഷണത്തില്‍ പോലീസ് വിപിന്‍ ലാലിനെ പത്താം പ്രതിയാക്കിയെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *