ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ അറിയിച്ചു. ഒക്ടോബര്‍ 28, നവംബര്‍ 3, 7 തീയതികളിലായാണ് വോട്ടെടുപ്പ് നടക്കുക.
ഒക്ടോബര്‍ ഒന്നിന് വിജ്ഞാപനം പുറപ്പെടുവിക്കും. വോട്ടെണ്ണല്‍ നവംബര്‍ 10നാണ്. അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ പോളിങ് സമയം ഒരു മണിക്കൂര്‍ നീട്ടി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ് സമയം. നേരത്തെ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു വോട്ടെടുപ്പ് നടന്നിരുന്നത്. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ ബാലറ്റ് ആയിരിക്കും. ക്വാറന്റീനിലുള്ളവര്‍ക്കും കോവിഡ് രോഗമുള്ളവര്‍ക്കും അവസാന ഒരു മണിക്കൂറില്‍ വോട്ട് ചെയ്യാം.
കോവിഡ് വ്യാപനം തുടങ്ങിയ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. നവംബര്‍ 29ഓടുകൂടി ബിഹാറിലെ 243 അംഗ നിയമസഭയിലേക്ക് പുതിയ പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ബിഹാര്‍ തിരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭകളിലേക്കും ഒഴിഞ്ഞുകിടക്കുന്ന 65 മണ്ഡലങ്ങളില്‍ കൂടി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. കോവിഡ് മഹാമാരിയും കനത്ത മഴയും കണക്കിലെടുത്ത് പലയിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു.
ബിജെപി സഖ്യത്തില്‍ ഇത് നാലാം തവണയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മറുവശത്ത് ആര്‍ജെഡിയും കോണ്‍ഗ്രസുമാണുള്ളത്. കഴിഞ്ഞ ആഴ്ച ബിഹാറിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രചാരണ പരിപാടികളും വീടുകള്‍ കയറിയുള്ള പ്രചാരണങ്ങളിലും കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകള്‍ കയറിയുള്ള ക്യാംപെയിനിന് അഞ്ചുപേരില്‍ കൂടുതല്‍ പേര്‍ പാടില്ല. സ്ഥാനാര്‍ഥികളുടെ റോഡ് ഷോയ്ക്ക് അഞ്ചു വാഹനങ്ങളില്‍ അധികം ഉപയോഗിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കൂടുതല്‍ പോളിങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്‍ ഒരുങ്ങുന്ന്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി ആയിരം പേരെ മാത്രമേ അനുവദിക്കൂ. നേരത്തെ ഇത് 1500 ആയിരുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി 7 ലക്ഷത്തോളം സാനിറ്റൈസര്‍ യൂണിറ്റുകള്‍, 46 ലക്ഷം മാസ്‌കുകള്‍, 6 ലക്ഷം പിപിഇ കിറ്റുകള്‍, 6.7 ലക്ഷം യൂണിറ്റ് ഫെയ്‌സ് ഷീല്‍ഡ്, 23 ലക്ഷം ഗ്ലൗസുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.