TRENDING

കർഷകബില്ലുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ : ഗീവർഗീസ് ഇടിച്ചെറിയ

ലോക്സ​ഭ​യും രാ​ജ്യ​സ​ഭ​യും കാര്യമായ ചർച്ചകളില്ലാതെ പാ​സ്സാ​ക്കി​യ ക​ർ​ഷ​കബി​ല്ലു​ക​ൾ രാ​ഷ്‌​ട്ര​പ​തിയുടെ ഒപ്പോടെ നിയമങ്ങളാകുമ്പോൾ അവയിൽ നാം ശ്രദ്ധിക്കാതെ വിട്ടുപോയ പല ദുരന്തങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.

കാ​ർ​ഷി​കോ​ൽപ​ന്ന വ്യാ​പാ​ര വാ​ണി​ജ്യ ബി​ൽ 2020, ക​ർ​ഷ​ക (ശാ​ക്തീ​ക​ര​ണ, സം​ര​ക്ഷ​ണ) ബി​ൽ 2020, അ​വ​ശ്യസാ​ധ​നനി​യ​മഭേ​ദ​ഗ​തി ബി​ൽ 2020 എന്നീ മൂന്നു ബില്ലുകളാണ് സർക്കാർ വളരെ വേഗത്തിൽ പാസ്സാക്കിയെടുത്തത്.

1. കാ​ർ​ഷി​കോൽ​പ​ന്ന വ്യാ​പാ​ര വാ​ണി​ജ്യ ബി​ൽ (ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ് ട്രേ​ഡ് ആ​ൻ​ഡ് കൊ​മേ​ഴ്സ് (പ്രൊ​മോ​ഷ​ൻ ആ​ൻ​ഡ് ഫ​സി​ലി​റ്റേ​ഷ​ൻ) ബി​ൽ 2020:
വ​ൻ​കി​ട ഇടനിലക്കാരുടെയും ​​ഭൂ​പ്ര​ഭു​ക്ക​ളുടെയും നി​യ​ന്ത്ര​ണ​ത്തി​ലുള്ള കാ​ർ​ഷി​കോൽപ​ന്ന വി​പ​ണ​നസ​മി​തി​ക​ളു​ടെ കു​ത്ത​ക ഇ​ല്ലാ​താ​ക്കു​ക​യാ​ണു കാ​ർ​ഷി​കോ​ൽപ​ന്ന വ്യാ​പാ​രവാ​ണി​ജ്യ ബി​ല്ലി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. സം​സ്ഥാ​നസ​ർ​ക്കാ​രു​കളുടെ യാതൊരുവിധ നിയന്ത്രണവും ഇല്ലാതെ ഡിജിറ്റൽ പ്ലാ​റ്റ്ഫോം ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ കാർഷിക ഉൽ​പ​ന്നങ്ങൾ വി​ൽ​ക്കാ​ൻ ഈ ​ബിൽ കർഷകരെ അനുവദിക്കുന്നു.

2. ക​ർ​ഷ​ക (ശാ​ക്തീ​ക​ര​ണ- സം​ര​ക്ഷ​ണ) ബി​ൽ- ദി ​ഫാ​ർ​മേ​ഴ്സ് (എ​ൻ​പ​വ​ർ​മെ​ന്‍റ് ആ​ൻ​ഡ് പ്രൊ​ട്ട​ക‌്ഷ​ൻ) എ​ഗ്രി​മെ​ന്‍റ് ഓ​ണ്‍ പ്രൈ​സ് അ​ഷു​റ​ൻ​സ് ആ​ൻ​ഡ് ഫാം ​സ​ർ​വീ​സ​സ് ബി​ൽ 2020):
ക​രാ​ർകൃ​ഷി​ക്കു നി​യ​മ​പ്രാ​ബ​ല്യം ന​ൽ​കു​ന്ന ​ക​ർ​ഷ​ക ശ​ക്തീ​ക​ര​ണ-സം​ര​ക്ഷ​ണ ബി​ൽപ്രകാരം ക​ർ​ഷ​ക​നും കാർഷികവി​ള​ക​ൾ വാ​ങ്ങു​ന്ന​വ​നും (കു​ത്ത​ക കമ്പനി​ക​ൾ അ​ട​ക്കം) ത​മ്മി​ൽ കൃ​ഷി​ക്കു മു​മ്പേ കച്ചവടക്കരാ​റി​ലേ​ർ​പ്പെ​ടാ​നും അതുപ്രകാരം ആ​വ​ശ്യ​മാ​യ കാ​ർ​ഷി​കോൽ​പ​ന്നങ്ങൾ കരാർവി​ലയിൽ ഉ​ൽപാ​ദി​പ്പി​ച്ചു ന​ൽകാനും കർഷകന് സാധിക്കുന്നു. മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ, വൻകിട സൂപ്പർമാർക്കറ്റുകൾ, സം​സ്ക​ര​ണ ഫാക്ടറികൾ, ക​യ​റ്റു​മ​തി​ക്കാ​ർ എന്നിവർക്കെല്ലാം ക​ർ​ഷ​ക​രു​മാ​യി ക​രാ​ർകൃ​ഷി​യി​ൽ ഏ​ർ​പ്പെ​ടാ​ൻ ഈ നി​യ​മം അനുവദിക്കുന്നു. അവർക്കിടയിൽ തർക്കം ഉണ്ടായാൽ കു​ടിശിക ഈ​ടാ​ക്കാ​നാ​യി ക​ർ​ഷ​ക​ന്‍റെ ഭൂ​മി​ക്കെ​തി​രേ നിയമന​ട​പ​ടി​യെ​ടു​ക്കുന്നത് ബിൽ വിലക്കുന്നുമുണ്ട്.

3. അ​വ​ശ്യ​സാ​ധ​നഭേ​ദ​ഗ​തി ബിൽ (ദി ​എ​സെ​ൻ​ഷ്യ​ൽ ക​മ്മോ​ഡി​റ്റീ​സ് (അ​മെ​ൻ​ഡ്മെ​ന്‍റ്) ബി​ൽ 2020):
പെട്ടെന്ന് ന​ശി​ച്ചുപോകുന്ന കാ​ർ​ഷി​കോ​ൽപ​ന്ന​ങ്ങ​ൾ​ക്ക് ശ​രാ​ശ​രി അമ്പത് ശ​ത​മാ​ന​വും അ​ല്ലാ​ത്ത​വ​യ്ക്ക് നൂ​റു ശ​ത​മാ​ന​വും വി​ല കൂ​ടി​യാ​ൽമാ​ത്രം സം​ഭ​ര​ണനി​യ​ന്ത്ര​ണം അ​ട​ക്കമുള്ള കാര്യങ്ങളിൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടാ​ൽ മ​തി​യെ​ന്ന് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് അ​വ​ശ്യ​സാ​ധ​നഭേ​ദ​ഗ​തി ബിൽ. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ, പ​യ​ർ-പ​രി​പ്പു വ​ർ​ഗ​ങ്ങ​ൾ, സ​വോ​ള, കി​ഴ​ങ്ങ്, ഭ​ക്ഷ്യ​യെ​ണ്ണ, എ​ണ്ണ​ക്കു​രു​ക്ക​ൾ തു​ട​ങ്ങിയവ ​അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽനി​ന്നു നീ​ക്കിയിട്ടുണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ​ഖ്യക​ക്ഷി​കൾപോലും ആ​ശ​ങ്ക​യും എ​തി​ർ​പ്പും പ്ര​ക​ടിപ്പിച്ചിട്ടും പാ​ർ​ല​മെ​ന്‍റ് സെ​ല​ക്ട് ക​മ്മി​റ്റി​ക്ക് അ​യ​യ്ക്കാത​ ഈ മൂന്നു ബി​ല്ലു​ക​ളും പാ​സ്സാക്കിയെടുക്കാൻ സർക്കാർ കാട്ടിയ ധൃതി കണ്ടപ്പോൾ ഇവമൂലം കാർഷികമേഖലയിൽ സംഭവിക്കാൻ സാദ്ധ്യതയുള്ള അപകടങ്ങൾ എന്തൊക്കെയാണെന്നുകൂടി ചിന്തിക്കേണ്ടി വരുന്നു. കർഷകനിയമങ്ങൾ മൂന്നും ചേർത്തുവായിച്ചാൽ ഒരുകാര്യം ബോദ്ധ്യപ്പെടും. ഉദ്ദേശിച്ച വഴിയിൽനിന്ന് അല്പമെങ്കിലും വ്യതിചലിച്ചാൽ അവ വരുംകാലത്ത് ജനങ്ങൾക്കും കർഷകർക്കും ദോഷകരമായി ഭവിക്കാൻ സാദ്ധ്യതയുണ്ട്.
അതെങ്ങനെയെന്നു വ്യക്തമാക്കാം.

1. കർഷകരുടെ സഹകരണപ്രസ്ഥാനങ്ങൾ വഴിയോ അവരുമായി നേരിട്ടോ വ്യാപാരം ചെയ്യുക വഴി, തങ്ങളുടെ വിപണനതാൽപര്യങ്ങൾ സംരക്ഷിക്കാൻ കൃഷിക്കാവശ്യമായ സാമ്പത്തികസഹായം മുൻകൂർ ചെയ്തുകൊണ്ട് കർഷകരെ കടക്കെണിയിൽ ആക്കാനും അതുമൂലം ഭാവിയിൽ ഇന്ത്യയിലെ കാർഷികമേഖല മൊത്തക്കച്ചവടക്കാർ സൂപ്പർമാർക്കറ്റുകൾ, സം​സ്ക​ര​ണഫാക്ടറികൾ, ക​യ​റ്റു​മ​തി​ക്കാ​ർ തുടങ്ങിയ വ​ൻ​കി​ടക്കാരുടെ പൂർണനിയന്ത്രണത്തിലാക്കാനും സാദ്ധ്യതയുണ്ട്.

2. എല്ലാ ഭക്ഷണ അവശ്യ വസ്തുക്കളുടെയും വില വൻകിടവ്യാപാരികൾ നിശ്ചയിക്കുമെന്നതിനാൽ വരുംകാലത്ത് അത് ജനജീവിതത്തെ ദുസ്സഹമാക്കും.

3. കരാർ അടിസ്ഥാനത്തിൽ വൻകിടക്കാർക്കു വേണ്ടി ചെയ്‌യുന്ന കൃഷി കർഷകർക്ക് എല്ലായ്പ്പോഴും പ്രയോജനം ചെയ്യണമെന്നില്ല. വില നിശ്ചയിക്കുന്നതും വിൽപന നിയന്ത്രിക്കുന്നതും വൻകിടകച്ചവടക്കാർ ആയതിനാൽ കർഷകർ ചൂഷണം ചെയ്യപ്പെടാൻ സാദ്ധ്യത ഏറെയാണ്.

4. കരാർപ്രകാരം തങ്ങളുടെ കാർഷികവിളകൾ വൻകിടവ്യാപാരികൾക്ക് നിശ്ചിത അളവിലും വിലയിലും നൽകാൻ നിയമപരമായി ബാദ്ധ്യസ്ഥരാകുമെന്നതിനാൽ മറ്റു വഴികളിലൂടെയുള്ള കാർഷികാദായം കർഷകർക്ക് പൂർണമായും ഇല്ലാതാകും.

5. കരാർപ്രകാരം കൃഷി ചെയ്യാനായി കർഷകരെ ഏൽപ്പിക്കുന്ന കാർഷികവിളകളുടെ വിത്തുകൾ ഗവേഷണത്തിലൂടെ വികസിപ്പിച്ചുകൊണ്ടിരിക്കുമെന്നതിനാൽ അവ കുത്തക കമ്പനികളുടെ
പേറ്റന്റിന്റെ കീഴിൽ ആകുകയും കർഷകർക്ക് അവയുടെ വിത്തുകൾ ശേഖരിച്ച് വെയ്ക്കാനോ മുളപ്പിക്കാനോ അവകാശമില്ലാതെ വരികയും ചെയ്യും.

6. വൻകിടക്കാർ അവരുടേതായ ചില കാർഷികവിളകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും അതിനാൽ ആ കാർഷികവിളകൾ കുത്തക ഉൽപന്നങ്ങളായി മാറും.

7. വൻകിടക്കാർ ഗൂഢാലോചനയിലൂട പല കാർഷികവസ്തുക്കളുടെയും പേറ്റന്റിലൂടെ കുത്തകവ്യാപാരികൾ ആകാനും അവയുടെ വില ഉയർത്തിക്കൊണ്ടു പോകാനും സാദ്ധ്യത. വൻകിടക്കാരുടെ പേറ്റന്റുള്ള കാർഷികവിത്തുകൾ ഉപയോഗിച്ച് മറ്റാർക്കും കൃഷി ഇറക്കാൻ സാധിക്കാതെ വരികയും അങ്ങനെ അവയുടെ വില ഉയർത്തി നിർത്താൻ സാധിക്കുകയും ചെയ്യും. അതുമൂലം ജീവിത – വിലക്കയറ്റസൂചികകൾ വർദ്ധിച്ചുകൊണ്ടിരിക്കും.

8. അതിന്റെ പരിണിതഫലമായി ചെറിയ കൃഷിക്കാർ പിൻവാങ്ങുകയും പ്രകൃതിജന്യമായി കിട്ടിക്കൊണ്ടിരുന്ന കാർഷികവിത്തുകളും കൃഷിക്കാർ നട്ടുണ്ടാക്കിയിരുന്ന സസ്യങ്ങളും ഫലവൃക്ഷങ്ങളും മറ്റും എന്നെന്നേക്കുമായി ഇല്ലാതാകുകയും, അങ്ങനെ ലാബിൽ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത പേറ്റന്റ് വിത്തുകളും ബഡ് മരത്തൈകളും മാത്രം കൃഷിക്ക് കിട്ടുന്ന അവസ്‌ഥ സംജാതമാകുകയും ചെയ്യും.

9. തുടർന്ന് എല്ലാ കാർഷികസീസണിലും വൻകിടക്കാരിൽനിന്നുതന്നെ പേറ്റന്റ് വിത്തുകളും ബഡ് തൈകളും വിലയ്ക്ക് വാങ്ങി കൃഷി ചെയ്യേണ്ടി വരുന്നതിനാൽ തങ്ങളുടെ വിയർപ്പിന്റെ ഫലങ്ങൾ എപ്പോഴും അവർക്കുതന്നെ കരാർ വിലയ്ക്ക് വിൽക്കേണ്ടിയും വരുന്നു. അനാവശ്യമായ നിയമങ്ങൾ എപ്പോഴും ചങ്ങലകളാണ്. ഏതു നിയമത്തിലും സാധാരണക്കാർക്ക് കാണാൻ കഴിയാത്ത ധാരാളം കുരുക്കുകൾ ഒളിഞ്ഞുകിടക്കുന്നുണ്ടാകും. നിയമങ്ങൾ ഉണ്ടാക്കുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യങ്ങളും സ്വാർത്ഥതാൽപര്യങ്ങളും കണ്ടെന്നുമിരിക്കും. അതുകൊണ്ട് ഈ പുതിയ നിയമങ്ങളിലൂടെ കർഷകർക്ക് ഉണ്ടാകുമെന്നു ധരിക്കുന്ന നേട്ടങ്ങൾ വെറും ‘ദിവാസ്വപ്നങ്ങൾ’ മാത്രമായി മാറും.

Back to top button
error: