ലഹരിമരുന്ന് വേട്ട ക്രിക്കറ്റ് കുടുംബത്തിലേക്കും?

സിനിമ മേഖലയിലെ ലഹരിമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ക്രിക്കറ്റിലേക്കും വിരല്‍ ചൂണ്ടുന്ന ഞെട്ടിക്കുന്ന ആരോപണങ്ങളാണ് പുറത്ത് വരുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ചില ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടതായി നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ ഈ വെളിപ്പെടുത്തല്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരത്തിനുശേഷം നടന്ന ആഘോഷ പാര്‍ട്ടിക്കിടെയാണ് ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നാണു നടി പറയുന്നത്. അതേസമയം, ഏത് സീസണിലെ മത്സരമാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.

”കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരം കാണാന്‍ ഒരിക്കല്‍ ഞാന്‍ കൊല്‍ക്കത്തയില്‍ പോയിരുന്നു. മത്സരത്തിന് ശേഷം അവരുടെ പാര്‍ട്ടിക്കും എന്നെ ക്ഷണിച്ചു. ഈ പാര്‍ട്ടിയില്‍ പ്രശസ്തരായ പല ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടേയും ഭാര്യമാരും പങ്കെടുത്തിരുന്നു. പാര്‍ട്ടി നന്നായി ആസ്വദിച്ചു. നൃത്തം ചെയ്തതിന്റെ ക്ഷീണം കാരണം വാഷ് റൂമില്‍ പോയി. ഞെട്ടിക്കുന്ന കാഴ്ചയാണു ഞാന്‍ അവിടെ കണ്ടത്. താരങ്ങളുടെ ഭാര്യമാര്‍ വാഷ്‌റൂം ഏരിയയില്‍നിന്ന് കൊക്കെയ്ന്‍ ഉപയോഗിക്കുകയായിരുന്നു.അവര്‍ എന്നെ നോക്കി ചിരിച്ചു, ഞാന്‍ തിരിച്ചും ചിരിച്ചു. രംഗം പന്തിയല്ലെന്ന് മനസ്സിലായ ഉടനെ ഞാന്‍ പുറത്തേക്കു പോയി. ഇത്തരം ലഹരിമരുന്നു പാര്‍ട്ടികള്‍ തുടര്‍ച്ചയായി നടക്കാറുണ്ട്. പുരുഷന്‍മാരുടെ വാഷ്‌റൂമില്‍ പോയാലും ഇതൊക്കെ തന്നെയാണു നടക്കുന്നതെന്ന് ഉറപ്പാണ്.” ഷെര്‍ലിന്‍ പറഞ്ഞു.

അതേസമയം, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ തയാറാണെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *