കേരളത്തിനും ബംഗാളിനും തമിഴ്‌നാടിനും മാത്രമാണോ സ്‌പെഷ്യല്‍ ഇന്റന്‍സീവ് വോട്ടര്‍ പട്ടിക പുതുക്കല്‍ ബാധകം ; അസമിനെ എന്തുകൊണ്ടാണ് ഒഴിവാക്കിയത്? കമ്മീഷന്റെ മറുപടി ഇങ്ങിനെ

ന്യൂ ഡല്‍ഹി: രാജ്യത്ത് 21 വര്‍ഷത്തിന് ശേഷം നടക്കുന്ന, സ്‌പെഷ്യല്‍ ഇന്റന്‍സീവ് വോട്ടര്‍ പട്ടിക പുതുക്കലിന്റെ രണ്ടാം ഘട്ടത്തില്‍ നിന്നും അസമിനെ ഒഴിവാക്കി. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്നുമാണ് അസമിനെ ഒഴിവാക്കിയത്. അതേസമയം പശ്ചിമ ബംഗാളിനേയും തമിഴ്നാടിനേയും പട്ടികയി ല്‍ ഉള്‍പ്പെടുത്തി.
അസമിനുള്ള പൗരത്വ നിയമം രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായതി നാല്‍ അസമിനായി പ്രത്യേകം പുതുക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും SIR-ന്റെ ഒരു പ്രത്യേക തീയതി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായ അസമിന്, പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 എ പ്രകാ രം പ്രത്യേക പൗരത്വ നിയമങ്ങള്‍ നിലവിലുണ്ട്. 1966 ജനുവരി 1-നും 1971 മാര്‍ച്ച് 25-നും ഇടയില്‍ ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് പ്രവേശിച്ച ഇന്ത്യന്‍ വംശജര്‍ക്ക് ഈ നിയമം ബാധകമാണ്.
1966 ജനുവരി 1-ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ചവര്‍ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കപ്പെടുന്നു, എന്നാല്‍ 1966-1971 കാലയളവില്‍ പ്രവേശിച്ചവര്‍ക്ക് കൃത്യമായ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ശേഷം പൗരത്വം നേടാന്‍ കഴിയും. 1971 മാര്‍ച്ച് 25-ന് ശേഷം അസമില്‍ പ്രവേശിക്കുന്ന ആരെ യും നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കുകയും പൗരത്വം നല്‍കാന്‍ കഴിയില്ലെന്നും പറയുന്നു.
ആറ് വര്‍ഷം മുന്‍പ് ദേശീയ പൗരത്വ രജിസ്റ്റര്‍ (National Registry of Citizens – NRC) തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ കത്തിപ്പടര്‍ന്ന സംസ്ഥാനമാണ് അസം. അതുകൊണ്ട് തന്നെ അസമിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ വളരെ ദുഷ്‌കരമായ ഒരു പ്രക്രിയ ആയിരിക്കും. പതിറ്റാണ്ടുകളായി സംസ്ഥാനത്ത് താമസമുറപ്പിച്ച നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പട്ടികയില്‍ നിന്ന് 19 ലക്ഷത്തിലധികം ആളുകള്‍ പുറത്തായിരുന്നു.
സര്‍ക്കാര്‍ നടപടികള്‍ ഒഴിവാക്കാന്‍ ഇവര്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടതുണ്ട്. വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായ ഈ പട്ടിക സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം ചെയ്യാത്തതിനാല്‍ നടപടികള്‍ അപൂര്‍ണ്ണമായി തുടരുകയാണ്. അധികാരികള്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരെ തെറ്റായി ഒഴിവാക്കുകയും വിദേശികളെ ഉള്‍പ്പെടുത്തുകയും ചെയ്തു എന്ന് പ്രതിപക്ഷം ആരോപിച്ചുകൊണ്ട് അസമിലെ എന്‍ആര്‍സിക്ക് എതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ഇപ്പോള്‍ പൂര്‍ത്തിയായ പുതുക്കല്‍ പ്രക്രിയയില്‍ ബീഹാര്‍ പട്ടികയില്‍ നിന്ന് ഏകദേശം 66 ലക്ഷം പേരുകളാണ് ഒഴിവാക്കപ്പെട്ടത്. ഇവര്‍ കുടിയേറിയതോ, ഇരട്ട വോട്ടര്‍ ഐഡി കാര്‍ഡ് ഉള്ളതോ, അല്ലെങ്കില്‍ മരണപ്പെട്ടവരോ ആണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. ഈ വിഷയത്തില്‍ ഒരൊറ്റ പരാതി പോലും ലഭിച്ചിട്ടില്ലെന്നും കമ്മീഷന്‍ ഇന്ന് ആവര്‍ത്തിച്ചു.
രണ്ടാം ഘട്ടത്തില്‍, 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് വോട്ടര്‍ പട്ടിക പുതുക്കല്‍ നടക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
ഈ തവണ, വോട്ടര്‍മാരെ എണ്ണുന്ന ഘട്ടം നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ നടക്കും. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 9-ന് പ്രസിദ്ധീകരിക്കും. ഒഴിവാക്കപ്പെട്ട വ്യക്തികള്‍ക്ക് ജനുവരി 8 വരെ അപ്പീല്‍ നല്‍കാം. അപ്പീലുകള്‍ ജനുവരി 31 വരെ പരിഗണിക്കുകയും അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 7-ന് പ്രസിദ്ധീകരിക്കുകയും ചെയ്യും.






