യുകെയില്‍ ഇന്ത്യന്‍ യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായി; വംശീയ ആക്രമണമെന്നു റിപ്പോര്‍ട്ട്; പ്രതി സിസിടിവിയില്‍; ചിത്രം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് പുറത്തുവിട്ടു; വന്‍ പ്രതിഷേധം

ലണ്ടന്‍: വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ ഇന്ത്യന്‍ വംശജയായ ഇരുപതുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി. വംശീയ വിദ്വേഷം നിറഞ്ഞ ആക്രമണമാണെന്നും പ്രതിയെ സിസിടിവിയിലൂടെ വ്യക്തമായെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസ് അറിയിച്ചു. യുവതിക്കെതിരെ ഉണ്ടായത് ഞെട്ടിക്കുന്ന ആക്രമണമാണെന്നും പ്രതിയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ റോനൻ ടൈറർ പറഞ്ഞു.
ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ ശേഷം നിസഹായയായി യുവതി വഴിയില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് യുവതിയെ സുരക്ഷിതസ്ഥലത്തെത്തിച്ച് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച പ്രതിയുടെ ചിത്രം വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പുറത്തുവിട്ടു.
പ്രതിയെ കണ്ടെത്താൻ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് പ്രദേശവാസികളോട് അഭ്യർത്ഥിച്ചു. പ്രദേശത്തുകൂടി ഈ ദിവസം വാഹനമോടിച്ചുപോയവര്‍ ഡാഷ്ക്യാം ദൃശ്യങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കാനും പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ നിരവധി രാഷ്ട്രീയനേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി.
തീര്‍ത്തും അപലപനീയമായ ദുരന്തമെന്ന് കോവെൻട്രി സൗത്തിൽ നിന്നുള്ള പാർലമെന്റ് അംഗം സാറാ സുൽത്താന എക്സിൽ കുറിച്ചു. ശനിയാഴ്ച വാൽസലിൽ ഒരു പഞ്ചാബി വംശജ വംശീയ ആക്രമണത്താല്‍ ബലാത്സംഗം ചെയ്യപ്പെട്ടു. കഴിഞ്ഞ മാസം ഓൾഡ്ബറിയിൽ ഒരു സിഖ് സ്ത്രീയും ബലാത്സംഗം ചെയ്യപ്പെട്ടു. വംശീയതയും സ്ത്രീവിരുദ്ധതയും കൂടുന്നുവെന്നും ഫാസിസത്തിന്റെ വളർച്ചയാണ് ഇതിന് ആക്കം കൂട്ടുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.






