സിൽക്ക് സ്മിതയുടെ ഓർമദിനം ഇന്ന്

ന്ധ്രാപ്രദേശിലെ വരണ്ട പൊടിമണ്ണുള്ള ഗ്രാമത്തിൽ നിന്നും അവൾ വണ്ടി കയറിയത് തെന്നിന്ത്യൻ സിനിമയുടെ മാസ്മരിക വർണ്ണത്തിലേക്ക് മാത്രമല്ല, പുരുഷത്വത്തിന്റെ ഉർവ്വരതയിലേക്ക് ഒരു മഴ മേഘമായിട്ടു കൂടിയായിരുന്നു.

പേര് വിജയലക്ഷമി… പക്ഷേ പുകഴ് പെറ്റത് മറ്റൊരു പേരിൽ… ആദ്യം ചിത്രം ഇണയത്തേടി. രണ്ടാമത് വണ്ടി ചക്ര (1979) എന്ന തമിഴ് ചിത്രത്തിലെ ബാർ നർത്തകി. അതിലെ കഥാപാത്രത്തിന്റെ പേര് മറ്റൊരു പേരിൽ ചേർത്ത് കിന്നരി തുന്നി.

സിൽക്ക് സ്മിത …! അതൊരു പേര് മാത്രമല്ലായിരുന്നു… ഉൻമാദം കൂടിയായിരുന്നു. മാദകത്വം എന്ന പര്യായപദം കൂടി കാലം അതിന് നൽകി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ…പിന്നെ ഹിന്ദി. 450 ചിത്രങ്ങൾ… ഷൂട്ടിംങ് ലൊക്കേഷനിൽ അവൾ നടിച്ച കഥാപാത്രങ്ങളുടെ അഴിച്ച് വെച്ച വസ്ത്രങ്ങൾ പോലും ആരാധകർ കൊത്തിയെടുത്ത് കൊണ്ട് പോയി…. .അവൾ കടിച്ച ആപ്പിൾ വൻ തുകയ്ക്ക് ലേലം ഉറപ്പിക്കാൻ പുരുഷവർഗ്ഗം ക്യു നിന്നു…
നിർമ്മാതാക്കൾക്കും,സംവിധായകർക്കും അവളിലെ ഉൻമാദിനിയായ നടിയെ മതിയായിരുന്നു. അവൾ സ്വപ്നം കണ്ട സ്വഭാവനടി അകാലത്തിൽ മരിച്ചു. കൊന്നു എന്നു തന്നെ പറയുന്നതാവും ഉചിതം. കറുത്ത നിറവും, വികാരങ്ങളുടെ കടലാഴങ്ങളിൽ പാതി ഉറങ്ങിക്കിടന്ന കണ്ണുകളും, ദാഹം ശമിക്കാത്ത ചുണ്ടുകളും, അംഗവടിവുകളും കൊണ്ട് സിൽക്ക് സ്മിത കപട സദാചാര വാദികളെ കശക്കിയെറിഞ്ഞു.

ആ പഴയ നാണം കുണുങ്ങി ആന്ധ്രാക്കാരിയിൽ നിന്നും അവൾ ചിറകടിച്ച് പറന്നു പോയി. തോഴിമാർ, പണം, പ്രശസ്തി… എങ്കിലും അസ്വസ്ഥയായിരുന്നു ആ മനസ്സ്. ഒരു നോട്ടത്തിനും, ഒരു ചുണ്ടു കോണിപ്പിനും ലക്ഷങ്ങൾ കാത്തു നിന്നിട്ടും… യഥാർത്ഥ പ്രണയത്തിനായുള്ള സിൽക്ക് സ്മിതയുടെ ദാഹം ജീവിതാവസാനം വരെ ശമിച്ചിരുന്നില്ല. അതുകൊണ്ടാണ് ചെന്നൈയിലെ തന്റെ അപ്പാർട്ട്മെന്റിൽ വിഷം കഴിച്ച് ആ ഉൻമാദറാണി മരണത്തിലേക്ക് നടന്നു പോയത്…

ആയിരങ്ങൾ ഒരു നോട്ടത്തിനായി കാത്തു നിന്നവൾ… കടിച്ച ആപ്പിളിന് ലക്ഷങ്ങൾ നൽകി ലേലത്തിൽ കൊണ്ട് പോയവർ .. ആരും ഇപ്പോൾ സിൽക്ക് സ്മിതയെ ഓർക്കാറില്ല. കാലത്തിന്റെ ഒരോ റീടേക്കുകളേ…1960 ൽ തുടങ്ങി 1996 സെപ്തംബർ 23ന് അവസാനിച്ച ഒരു ജീവിതം…

സിൽക്ക് സ്മിതയെ സംബന്ധിച്ച് 36 വയസ്സ് ഒരു ക്ഷുഭിത യൗവ്വനം തന്നെയായിരുന്നു. ഏഴിമല പൂഞ്ചോലയിൽ … മാമനിക്ക്… ചാനലിൽ സ്ഫടികം തിളങ്ങുന്നു… തെന്നിന്ത്യൻ സിനിമകളിൽ ഉൻമാദത്തിന്റെ മഴ തുള്ളി കിലുക്കം സൃഷ്ടിച്ച സിൽക്ക് സ്മിതയെ ഏതെങ്കിലും സംഘടനകൾ ഓർത്തുവോ…? സിനിമ കേവലം സ്വപ്നങ്ങൾ മാത്രമാണ് ഒരുപാട് വെളിച്ചത്തിൽ വെച്ച് ഷൂട്ട് ചെയ്ത ഇരുളിൽ വീണുടയുന്ന സ്വപ്നങ്ങൾ …

എം.കെ ബിജു മുഹമ്മദ്

Leave a Reply

Your email address will not be published. Required fields are marked *