ഒടുവിൽ ഭീമനു തന്നെ വിജയം; ‘രണ്ടാമൂഴം’ എം.ടിക്കു തിരിച്ചു കിട്ടി
‘രണ്ടാമൂഴം’ സിനിമയാക്കുന്നതിനെച്ചൊല്ലി നോവലിസ്റ്റ് എം.ടി വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുണ്ടായിരുന്ന തർക്കം ഒത്തുതീർപ്പിലെത്തി.
സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീണ്ടുപോകുന്നു എന്നതായിരുന്നു തർക്ക കാരണം.
മഹാഭാരതം എന്ന പേരിലാണ് ഈ സിനിമ ആദ്യം പ്ലാൻ ചെയ്തത്. ഭീമൻ്റെ കഥ ‘മഹാഭാരതം’ എന്ന ശീർഷകത്തിൽ സിനിമയാക്കിയാൽ റിലീസ് ചെയ്യാൻ അനുവദിക്കില്ല എന്ന പോർവിളിയുമായി ശശികല ടീച്ചറിൻ്റെ നേതൃത്വത്തിൽ സംഘപരിവാർ ശക്തികൾ രംഗത്തുവന്നു. ഈ കലാപം കൊണ്ടാവാം അതേ സമയത്ത് മറ്റൊരു സിനിമ ശ്രീകുമാർ മേനോൻ പ്ലാൻ ചെയതു. ഒടിയൻ… പക്ഷേ ഒടിയൻ ബോക്സോഫീസിൽ തകർന്നു വീണു. ആ സമയത്ത് മഞ്ജു വാര്യരും ശീകുമാർ മേനോനും തമ്മിലുള്ള സൗഹൃദവും തകർന്നു. ചിത്രത്തിൻ്റെ നിർമ്മാതാവായ ഉത്തരേന്ത്യൻ മാർവാഡി, മേനോനുമായി തെറ്റിയതും ഈ സമയത്താണ്. ശ്രീകുമാർ മേനോൻ ഇല്ലെങ്കിലും സിനിമയുമായി മുന്നോട്ടു പോകുമെന്നും ആ പ്രൊഡ്യൂസർ വെല്ലുവിളിച്ചു. ഈ കാലത്തു തന്നെ സോഷ്യൽ മീഡിയ ശ്രീകുമാർ മേനോനെ അതിശക്കമായി ആക്രമിക്കുകയും ചെയ്തു. മേനോൻ കെട്ടി ഉയർത്തിയ ഇമേജ് നിലംപരിശായി. ഇത്തരം ചക്കളാത്തിപ്പൊരാട്ടത്തിനിടയിൽ എം.ടിയുടെ തിരക്കഥയുടെ മൂല്യം തന്നെ ചോദ്യം ചെയ്യപ്പെട്ടു.
ഉടൻ ആരംഭിക്കാൻ പ്ലാനിട്ട രണ്ടാമൂഴം അനിശ്ചിതത്വത്തിലാക്കുന്നത്. പക്ഷേ യു.എ.ഇ എക്സ്ചേഞ്ച് മേധാവി ഷെട്ടി പ്രൊഡ്യൂസറായി രംഗത്തുവന്നു. പക്ഷേ എം.ടി വാസുദേവൻ നായർ ഒടുവിൽ തിരക്കഥ തിരിച്ചു ചോദിച്ചു. പക്ഷേ തിരക്കഥ തിരിച്ചു കൊടുക്കാൻ സംവിധായകൻ കൂട്ടാക്കിയില്ല. എം.ടി കോടതിയിൽ കേസുകൊടുത്തതിനെ തുടർന്ന് അനുരഞ്ജനത്തിലെത്താൻ ശ്രീകുമാർ മേനോൻ കിണഞ്ഞു ശ്രമിച്ചെങ്കിലും തമ്മിൽ കാണാൻ പോലും എം.ടി കൂട്ടാക്കിയില്ല. അവസാനം വിധി എം.ടിക്ക് അനുകൂലമായി. പക്ഷേ വിട്ടുകൊടുക്കാൻ ശ്രീകുമാർ മേനോൻ കൂട്ടാക്കിയില്ല. അദ്ദേഹം അപ്പീലുമായി സുപ്രീം കോടതിയിൽ വരെ എത്തി.
ഒടുവിൽ സിനിമാക്കഥ പോലെ നാടകീയ ക്ലൈമാക്സ്. ശ്രീകുമാർ മേനോനു മാനസാന്തരമുണ്ടായി. കോടതിക്കു പുറത്തു വച്ച് ഒത്തുതീർപ്പുണ്ടാക്കി. ശ്രീകുമാർ മേനോൻ എം.ടിയെ നേരിട്ടു കണ്ട് സമസ്ത അപരാധങ്ങളും ഏറ്റുപറഞ്ഞു. രണ്ടാമൂഴം തിരക്കഥ തിരിച്ചു കൊടുക്കാമെന്ന് സമ്മതിച്ചു. ശ്രീകുമാർ മേനോൻ തിരക്കഥ തിരിച്ചു നൽകുബോൾ എം.ടി അഡ്വവാൻസ് തുക മടക്കി നൽകുമെന്ന വ്യവസ്ഥയിലാണ് ഒത്തുതീർപ്പിലെത്തിയത്.
സുപ്രീം കോടതിയും ഒത്തുതീർപ്പു കരാർ അംഗീകരിച്ചു.