ശബരിനാഥിന് വിട, തേങ്ങലോടെ ഓർമകൾ പങ്കുവച്ച് സാജൻ സൂര്യയും സുധീഷ് ശങ്കറും അഞ്ജിതയും-വിഡിയോ

പ്രമുഖ സീരിയൽ നടൻ ശബരിനാഥിൻ്റെ അപ്രതീക്ഷിത വേർപാട് താരങ്ങളും സാങ്കേതിക പ്രവർത്തകരും ഞെട്ടലോടെയാണ് കേട്ടത്. ഹൃദയാഘാതം ആണ് മരണകാരണം. ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ച സുധീഷ് ശങ്കറിൻ്റെ ‘പാടാത്ത പൈങ്കിളി’യിലെ അരവിന്ദ് എന്ന കഥാപാത്രമായി തിളങ്ങി നിൽക്കവേയാണ് അപ്രതീക്ഷിത അന്ത്യം.

ശബരീനാഥിൻ്റെ വേർപാടിൽ ആകെ തകർന്നിരിക്കുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും.
ആത്മസുഹൃത്തായ സാജൻ സൂര്യക്ക് എന്തെങ്കിലും സംസാരിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല.
പാടാത്ത പൈങ്കിളിയുടെ സംവിധായകൻ സുധീഷ് ശങ്കർ അടക്കാനാവാത്ത വേദനയോടെയാണ് ശബരിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചത്. പാടാത്ത പൈങ്കിളിയിൽ ശബരി അവതരിപ്പിച്ച അരവിന്ദ് എന്ന കഥാപാത്രത്തിൻ്റെ ജോഡിയായി അഭിനയിക്കുന്നത് സുധീഷ് ശങ്കറിൻ്റെ ഭാര്യ അഞ്ജിതയാണ്. സുധീഷിൻ്റെയും അഞ്ജിതയുടെയും മകൻ കൃഷ്ണാ ശങ്കറുമായി ശബരി ബെറ്റു വയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ കണ്ണീരോടെ യാണ് അഞ്ജിത വിവരിച്ചത്.

ശബരീനാഥ് നടൻ സാജൻ സൂര്യയോടൊപ്പം ചേർന്ന് ‘സാഗരം സാക്ഷി’ എന്ന സീരിയൽ നിർമ്മിച്ചിട്ടുണ്ട്. മംഗല്യപ്പട്ട്, സ്വാമി അയ്യപ്പൻ, സ്ത്രീപഥം തുടങ്ങി
ഒട്ടേറെ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ശബരീനാഥ്
തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ശബരിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 45 വയസായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *