ജലീല്‍ രാജി വെയ്ക്കണമെന്ന ആവശ്യം ശക്തം; സംസ്ഥാനമൊട്ടാകെ പ്രതിഷേധം, ലാത്തിചാര്‍ജ്, വി.ടി ബല്‍റാം ഉള്‍പ്പെടെയുളളവര്‍ക്ക് പരിക്ക്
പാലക്കാട്: മന്ത്രി കെ.ടി ജലീല്‍ രാജിവെയ്ക്കണമെന്നുളള പ്രതിഷേധങ്ങള്‍ സംസ്ഥാനമൊട്ടാകെ അലയടിക്കുകയാണ്. പലയിടങ്ങളിലും ലാത്തി ചാര്‍ജ്ജ് നടത്തി. പാലക്കാട് ലാത്തിച്ചാര്‍ജിനിടെ വി.ടി. ബല്‍റാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വി.ടി. ബല്‍റാം എംഎല്‍എ, പി.സരിന്‍ എന്നിവരെ പൊലീസ് വളഞ്ഞിട്ടടിച്ചു.
അതേസമയം, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോട്ടയത്തു നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ അക്രമം ഉണ്ടായി. പൊലീസ് ലാത്തി വീശുകയും മൂന്ന് റൗണ്ട് ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. ബാരിക്കേഡ് മറി കടക്കാന്‍ ശ്രമിച്ച രണ്ടു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ജലീലിന്റെ രാജിക്കായി കൊച്ചി എന്‍ഐഎ ഓഫിസിനു മുന്നിലും പ്രതിഷേധം. കോട്ടയത്തും കൊല്ലത്തും കോഴിക്കോട്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.ടി. ജലീലിന് ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണ് ജലീലിന്റെ ബലമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.പറഞ്ഞു.
അതേസമയം, മന്ത്രി കെ.ടി. ജലീലിനെ എന്‍ഐഎ ആറു മണിക്കൂറായി കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യുകയാണ്. രാവിലെ ആറുമണിക്ക് സ്വകാര്യ കാറിലാണ് മന്ത്രി രഹസ്യമായി എന്‍ഐഎ ഓഫിസിലെത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് എത്തിയതുപോെല ചോദ്യം ചെയ്യല്‍ വിവരം മറച്ചുവയ്ക്കാനുള്ള മന്ത്രിയുടെ ശ്രമം ഇല്ലാതായത് മനോരമ ന്യൂസിന് വാര്‍ത്തയും ദൃശ്യങ്ങളും ലഭിച്ചതോടെയാണ്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെയാണ് ജലീല്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയത്.
സ്വര്‍ണക്കടത്ത് കേസിനിടെയാണ് യു.എ.ഇ.യില്‍നിന്ന് മതഗ്രന്ഥങ്ങള്‍ വന്നവിവരം പുറത്തുവരുന്നത്. വിവാദ പെട്ടികള്‍ വിദ്യാഭ്യാസവകുപ്പിന്റെ വാഹനത്തില്‍ കൊണ്ടുപോയത് ആരോപണത്തിന് തീപിടിക്കുന്നതിന് കാരണമായി. സ്വപ്നാ സുരേഷുമായുള്ള ഫോണ്‍വിളി വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മന്ത്രി തീര്‍ത്തും പ്രതിരോധത്തിലായി. പെട്ടികളില്‍ വന്നത് മതഗ്രന്ഥങ്ങള്‍ തന്നെയാണോയെന്ന ചോദ്യവും ഉയര്‍ന്നു. ഇ.ഡി.യുടെ അന്വേഷണംകൂടിയായതോടെ മന്ത്രി സംശയനിഴലിലാവുകയായിരുന്നു.