TRENDING

തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് സംവിധാനം

കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആയതിനാല്‍ അത് എത്രത്തോളം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നത് ഒരു വെല്ലുവിളി തന്നെയാണ്. അതിന് കുറച്ച് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കും. കോവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. നേരിട്ടെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്തും. കിടപ്പു രോഗികള്‍ക്കും കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടു ചെയ്യാം. ഇതിനായി പഞ്ചായത്ത്, മുന്‍സിപ്പല്‍ നിയമത്തില്‍ ഭേദഗതി വരുത്തും.

Signature-ad

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള വോട്ടെടുപ്പില്‍ എല്ലാവര്‍ക്കും അവസരം ലഭിക്കണമെങ്കില്‍ വോട്ടെടുപ്പ് സമയം നീട്ടണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഇത് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണി വരെയാക്കും. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ആലോചന. തിരഞ്ഞെടുപ്പ് പ്രചാരണ രീതികളിലും മാറ്റങ്ങളുണ്ടാകും.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തപാല്‍, പ്രോക്‌സി വോട്ടുകളുടെ സാധ്യത പരിശോധിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രോക്‌സി വോട്ടിനോട് സിപിഎമ്മിന് താത്പര്യമില്ല. പ്രോക്‌സി വോട്ട് ക്രമക്കേടുകള്‍ക്ക് വഴിവയ്ക്കുമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. യുഡിഎഫ് ആകട്ടേ തപാല്‍ വോട്ടിനേയും എതിര്‍ക്കുന്നു.

Back to top button
error: