നടിയെ ആക്രമിച്ച കേസില്‍ ദിലീപും മുകേഷും കോടതിയില്‍ ഹാജരായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിസ്താരത്തിനായി നടന്‍ ദിലീപും നടനും എം.എല്‍.എയുമായ മുകേഷും കോടതിയില്‍ ഹാജരായി. മുഖ്യപ്രതിയായ പള്‍സര്‍ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നതിനാല്‍ കേസിലെ ഗൂഢാലോചന ഉള്‍പ്പെടെ തെളിയിക്കുന്നതില്‍ മുകേഷിന്റെ മൊഴികള്‍ നിര്‍ണായകമാകും.

ദിലീപും മുകേഷും അഭിനയിച്ചിട്ടുള്ള ഒരു ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് പള്‍സര്‍ സുനി ദിലീപിനെ പരിചയപ്പെട്ടതെന്നും ഇതിനുശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെയാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഈ സമയത്ത് സുനി മുകേഷിന്റെ ഡ്രൈവറായിരുന്നോ എന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ കേസില്‍ പ്രധാനമാണ്.

സാക്ഷികളുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ ദിലീപും ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് പ്രോസിക്യൂഷന്റെ നീക്കം.

തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കണ്ടു എന്ന് വെളിപ്പെടുത്തിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത് .ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനം ആണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു .സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം നേരിടുന്ന തൃശ്ശൂരിലെ അഭിഭാഷകനെ കോടതി വിളിച്ചു വരുത്തിയിട്ടുണ്ട് .സിദ്ധിഖ് ,ഭാമ തുടങ്ങിയവരെ അടുത്ത ആഴ്ച വിസ്തരിച്ചേക്കും .

2017 ഫെബ്രുവരി 18 നാണു കേസിന് ആസ്പദമായ സംഭവം .2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി .85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം കര്‍ശന ഉപാധികളോടെ ആണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത് .കേസില്‍ 50 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *